വില്ലേജ് ഓഫീസ് ഫയലുകൾ തീയിട്ട കേസ് ആമ്പല്ലൂർ വില്ലേജ് ഓഫീസർക്ക് എതിരെ കൂടുതൽ പരാതി നിർദ്ധന സ്ത്രീയ്ക്ക് ഉയർന്ന വരുമാന സർട്ടിഫിക്കറ്റ് നൽകി ഇടനിലക്കാർ കാര്യങ്ങൾ നിശ്ചയിക്കുന്നെന്ന് നാട്ടുകാർ
കൊച്ചി: വയോധികൻ ഫയലുകൾക്ക് തീയിട്ട എറണാകുളം ആമ്പല്ലൂർ വില്ലേജ് ഓഫീസിനെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷന്‍ കാര്‍ഡിന് അപേക്ഷിച്ച വീട്ടമ്മയ്ക്ക് വില്ലേജ് ഓഫീസർ നല്‍കിയത് ഉയര്‍ന്ന വരുമാന സര്‍ട്ടിഫിക്കറ്റ്. ഇടനിലക്കാരാണ് വില്ലേജ് ഓഫീസിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.
റേഷൻ കാർഡിനായി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ആമ്പല്ലൂർ വില്ലേജ് ഓഫീസ് നിരവധി തവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ്
ആമ്പല്ലൂർ സ്വദേശി സുധ സുധീന്ദ്രൻ പറയുന്നത്. സുധയ്ക്കോ ഭർത്താവ് സുധീന്ദ്രനോ സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ഒറ്റമുറി വാടക വീട്ടിൽ, ഇളയച്ഛനും രണ്ട് പെൺകുട്ടികളുമടങ്ങുന്ന അഞ്ചംഗ കുടുംബം കഴിയുന്നത്. പല തവണ വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ട്, ഒടുക്കം കിട്ടിയത് 96,000 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ്. നിർദ്ധന കുടുംബമാണെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും എംഎൽഎയുടെയും കത്ത് തള്ളിയായിരുന്നു നടപടി.
നേരിട്ടെത്തിയാൽ കാര്യങ്ങൾ നടക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഇടനിലക്കാർക്ക് പണം നൽകിയാൽ സർട്ടിഫിക്കറ്റ് വീട്ടിലെത്തുമെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, നിയമം വിട്ടൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് വില്ലേജ് ഓഫീസർ. വില്ലേജ് ഓഫീസർക്ക് എതിരെ കളക്ടർക്ക് നൽകിയ പരാതിയിൽ അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുധയും കുടുംബവും.

