പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു.

ആലപ്പുഴ: വില്‍പ്പത്രം ഉള്‍പ്പെടെ വ്യാജരേഖകള്‍ ചമച്ച് കോടികളുടെ സ്വത്ത് കൈക്കലാക്കിയ ശേഷം സഹോദരിയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായുള്ള പ്രവാസിയുടെ പരാതിയില്‍ പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു. ചേര്‍ത്തല ഡിവൈഎസ്പി എ.ജി ലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. 

2003 ലെ വസ്തു ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും പോലീസ് ശേഖരിക്കുന്നു. വസ്തു ഇടപാടുകളില്‍ ഹാജരാക്കിയ രേഖകളുടെ നിജസ്ഥിതിയും പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കടക്കരപ്പള്ളി ആലുങ്കല്‍ ജംഗ്ഷന് സമീപം പത്മനിവാസില്‍ പി. പ്രവീണ്‍ കുമാറിന്റെ പരാതിയിലാണ് അന്വേഷണം. സഹോദരി ബിന്ദു(44)വിന്റെ തിരോധാനവും സ്വത്ത് കൈക്കലാക്കലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്.

സഹോദരിയെ കൊന്ന് കോടികളുടെ സ്വത്ത് തട്ടിയതായി വിദേശത്ത് നിന്ന് സഹോദരന്റെ പരാതി

ബിന്ദുവിന്റെ കുടുംബസ്വത്ത് ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കള്‍, വസ്തു ഇടനിലക്കാര്‍ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊന്നുവെന്ന് സംശയിക്കുന്നതായാണ് പ്രവീണിന്റെ പരാതി. ഇറ്റലിയില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ ഓണ്‍ലൈന്‍ വഴി പരാതി ആഭ്യന്തരവകുപ്പിന് നല്‍കുകയായിരുന്നു. ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കി, പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പോലീസ് കേസന്വേഷിക്കുന്നത്.