തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാർക്ക് ഇനി നേരിട്ട് ഡിജിപിയോട് പരാതിപ്പെടാം. ജയിലുകളിലെ സെല്ലുകൾക്ക് മുന്നിൽ പരാതിപ്പെട്ടി വെക്കാൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ ഉത്തരവിട്ടു. ഉദ്യോഗസ്ഥരെ പേടിക്കാതെ തടവുകാരർക്ക് ഡിജിപിയെ സമീപിക്കാനാണ് അവസരം കിട്ടുന്നത്. നിലവിൽ ജയിൽ സൂപ്രണ്ട് ഓഫീസിന് സമീപം ഒരു പരാതിപ്പെട്ടിയുണ്ട്. ജില്ലാ ജഡ്ജിക്കാണ് പെട്ടിതുറന്ന് പരാതികള്‍ പരിശോധിക്കാനുള്ള അധികാരം.

ഉദ്യോഗസ്ഥർ കണ്ണുരുട്ടുമ്പോള്‍ പരാതിയിടാൻ വരുന്ന തടവുകാർ ഓടിയോളിക്കുകയാണ് പതിവ്. മിക്ക പെട്ടികള്ളും എല്ലായ്പ്പോയും കാലിയാണ്. പരാതി നൽകിയാൽ തന്നെ മുകളിലോട്ട് എത്തിക്കാതെ ഉദ്യോഗസ്ഥർ തന്നെ മുക്കും. ജയിൽ ഉദ്യോഗസ്ഥരുടെ ക്രമക്കേടും മർദ്ദനവുമൊന്നും മേലധികാരികളെ അറിയിക്കാൻ തടവുകാർക്ക് ഒരു മാർഗവും വേറെയില്ല. ജയിൽ സന്ദർശന സമയത്ത് ജയിൽ ഡിജിപി ആർ.ശ്രീലേഖയോട് തടവുകാർ ബുദ്ധിമുട്ട് പറഞ്ഞു. ഇതോടെയാണ് പുതിയ പരിഷ്ക്കാരം. തടവുകാരൊ കൊണ്ട് പെട്ടിയുണ്ടാക്കി എല്ലാ ബാരക്കിലും സ്ഥാപിക്കണം. താക്കോൽ സൂക്ഷിക്കേണ്ടത് റീജ്യനൽ വെൽഫെയർ ഓഫീസർ, എല്ലാ മാസവും പരാതി സ്വീകരിച്ച് ജയിൽ ആസ്ഥാനത്ത് എത്തിക്കാനാണ് നിർദ്ദേശം.