കാര്യപ്രാപ്തി ഇല്ലാത്ത ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിടും ഉത്തരവിനെതിരെ ഉദ്യോഗസ്ഥരുടെ സംഘടനകൾ രംഗത്തെത്തി
ലക്നൗ: വിവാദ ഉത്തരവുമായി വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 50 വയസ് കഴിഞ്ഞ കാര്യപ്രാപ്തി ഇല്ലാത്ത ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ചുവിടുമെന്നാണ് യോഗി ആദിത്യനാഥിന്‍റ ഉത്തരവ്. ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി പരിശോധിച്ച് അതിൽ കഴിവ് തെളിയിക്കാത്തവരെ പിരിച്ചു വിടണം എന്നാണ് സർക്കാർ വകുപ്പുകൾക്ക് നൽകിയിരിക്കുന്ന ഉത്തരവിൽ വ്യക്തമാക്കുന്നത്.
ഇതുപ്രകാരം അതാത് വകുപ്പുകളിലെ മേധാവികൾ ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി പരിശോധിച്ച് ജൂലൈ 31നകം റിപ്പോർട്ട് സമർപ്പിക്കണം. കണക്കുകൾ പ്രകാരം സംസ്ഥാനത്താകമാനം 16 ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥരാണുള്ളത്. ഇതിൽ 4 ലക്ഷത്തോളം ഉദ്യോഗസ്ഥരെയാകും കാര്യപ്രാപ്തി തെളിയിക്കാനുള്ള സ്ക്രീനിംഗിന് വിധേയമാക്കുക. 50 കഴിഞ്ഞ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഇതിനുവേണ്ടിയുള്ള ടെസ്റ്റുകൾ നിർബന്ധമായും നടത്തേണ്ടതാണ്. സമയനിഷ്ഠ, വേഗത തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാകും സ്ക്രീനിംഗ് നടത്തുക.
എന്നാൽ പുതിയ ഉത്തരവിനെതിരെ ഉദ്യോഗസ്ഥരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് അംഗീകരിക്കാൻ സാധിക്കില്ല. ഉത്തരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മീറ്റിംഗ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നടപടി നാളെ ഉണ്ടാകുമെന്ന് ഉത്തർപ്രദേശ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് യാദവേന്ദ്ര മിശ്ര അറിയിച്ചു. അതേസമയം 1986 മുതൽ പല വകുപ്പുകളിൽ ഇത്തരം ഉത്തരവുകൾ കാലാകാലങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
