യുഡിഎഫിന് ഇടത് അംഗങ്ങൾ പിൻതുണച്ചു ബിജെപിക്ക് നഷ്ടമായത് പൊതുമരാമത്ത് സ്ഥിരം സമിതി ഇതുവരെ അവിശ്വാസ പ്രമേയം പാസ്സായത്  രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാർക്കെതിര

പാലക്കാട്: പാലക്കാട് നഗരസഭയിലെ പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം പാസ്സായി. ഇടത് അംഗങ്ങളുടെ പിൻതുണയോടെയാണ് ബിജെപിക്ക് മേൽകൈ ഉള്ള സമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 

സംസ്ഥാനത്ത് ബിജെപി ഭരണമുള്ള ഏക നഗരസഭയായ പാലക്കാട് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സിപിഎം പിൻതുണച്ചത്. യുഡിഎഫിന്‍റെ 3 അംഗങ്ങൾക്കൊപ്പം സിപിഎമ്മിന്‍റെ രണ്ടംഗങ്ങളും വോട്ട് ചെയ്തതോടെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം പാസ്സായി..

ബീജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ആവശ്യമെങ്കിൽ കോൺഗ്രസുമായി കൂട്ടുചേരാമെന്ന ഹൈദരാബാദ് പാർട്ടി കോൺഗ്രസ് തീരുമാനത്തിന് പിന്നാലെയാണ് പാലക്കാട് നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിൻതുണക്കാൻ സിപിഎം തീരുമാനിച്ചത്. ഇതനുസരിച്ച് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം കഴിഞ്ഞ ആഴ്ച പാസ്സായിരുന്നു. ഇടത് അംഗത്തിന്‍റെ വോട്ട് അസാധുവായതിനാൽ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെടുകയും ചെയ്തു. വരുന്ന 7 നാണ് വികസനകാര്യ സ്ഥിരം സമിതി അധിക്ഷനെതിരായ അവിശ്വാസ പ്രമേയം. അധ്യക്ഷക്കും ഉപാധ്യക്ഷനുമെതിരായി അടുത്ത ഘട്ടത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം..