വികാരിയെ മാറ്റിയതിനെച്ചൊല്ലി പ്രശ്നമുണ്ടായ ഇടുക്കി ചേറ്റുകുഴി ഓർത്തഡോക്സ് പള്ളിയിൽ വീണ്ടും സംഘർഷം.

കട്ടപ്പന: വികാരിയെ മാറ്റിയതിനെച്ചൊല്ലി പ്രശ്നമുണ്ടായ ഇടുക്കി ചേറ്റുകുഴി ഓർത്തഡോക്സ് പള്ളിയിൽ വീണ്ടും സംഘർഷം. ഫാ. കുര്യാക്കോസ് വാലയിലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പള്ളിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

പുതിയ വികാരി പള്ളി അകത്ത് നിന്ന് പൂട്ടിയാണ് കുർബാന നടത്തിയത്. തുടർന്ന് തിരിച്ചിറങ്ങിയപ്പോൾ വിശ്വാസികൾ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വലിയ പൊലീസ് കാവലിലാണ് വികാരിയെ പള്ളിക്ക് പുറത്തേക്ക് കൊണ്ടുപോയത്. ഇടുക്കി ഭദ്രാസനനെതിരെ സാമ്പത്തിക ആരോണം ഉന്നയിച്ചതിനാണ് ഫാ. കുര്യാക്കോസിനെതിരെ സഭാനടപടിയെന്നാണ് വിശ്വാസികളുടെ ആരോപണം. 

വിവിധ ഇടവകകളിലെ വിശ്വാസികൾ അൽപസമയത്തിനകം അരമനയിലേക്ക് മാർച്ച് നടത്തും. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

ഓർത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്‍റെ പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്ന് ഫാ. കുര്യാക്കോസ് വലേലി നേരത്തെ ആരോപിച്ചു. എന്നാല്‍, വികാരിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയറിയിച്ച് ഒരു വിഭാഗം വിശ്വാസികൾ പരാതി ഉന്നയിച്ചതിനാലാണ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് ഭദ്രാസനാധിപന്‍റെ വിശദീകരണം.