തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയെ ചൊല്ലി സംസ്ഥാന ബിജെപിയിലെ കലഹം മുറുകുന്നു. കൃഷ്ണദാസ് പക്ഷവും മുരളീധര വിഭാഗവും പ്രത്യേകം പ്രത്യേകം ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിനെ കണ്ട് പരാതിപ്പെട്ടു. വിവാദങ്ങള്‍ക്കും റിപ്പോര്‍ട്ട് ചോര്‍ത്തലിനും പിന്നല്‍ മുരളീധര വിഭാഗമാണെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ പരാതി. അഴിമതിക്കെതിരെ കടുത്ത നടപടി വേണമെന്ന് മുരളീധരനെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോഴയുടെ പേരില്‍ താമരയിലെ ഗ്രൂപ്പ് പോര് മൂര്‍ദ്ധന്യത്തിലാണ്. കോര്‍കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലും ഏറ്റുമുട്ടാതിരുന്ന ഇരുപക്ഷവും യോഗശേഷം കേന്ദ്ര പ്രതിനിധിയെ പ്രത്യേകം പ്രത്യേകം കണ്ട് പരാതിപ്പെട്ടു. സഹപ്രവര്‍ത്തകര്‍ പാരവെച്ചെന്ന് പറഞ്ഞാണ് എംടി രമേശ് കോര്‍കമ്മിറ്റിയില്‍ വികാരാധീനനായത്. എന്നാല്‍ ബിഎല്‍സന്തോഷിനെ കണ്ടപ്പോള്‍ എല്ലത്തിനും പിന്നില്‍ മുരളീധര പക്ഷനേതാക്കളാണ് രമേശ് അടക്കമുള്ള കൃഷ്ണദാസ് വിഭാഗം പരാതിപ്പെട്ടു.
കൃഷ്ണദാസ് പക്ഷം റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ഊന്നുമ്പോള്‍ അഴിമതി തന്നെയാണ് സുപ്രധാനമെന്നാണ് വി.മുരളീധരവിഭാഗം ഉന്നയിക്കുന്നത്. എല്ലാം ആര്‍എസ് വിനോദില്‍ മാത്രം ഒതുങ്ങുന്നതല്ല, പലനേതാക്കള്‍ക്കുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കേന്ദ്ര നേതൃത്വം ശക്തമായി ഇടപെടണമെന്നാണ് ആവശ്യപ്പെട്ടത്.
യോഗങ്ങളുടെ മിനുട്ട്‌സിനൊപ്പം നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ കൂടി ചേര്‍ത്തായിരിക്കും ബിഎല്‍ സന്തോഷ് അമിത്ഷാക്ക് റിപ്പോട്ട് നല്‍കുക. ഒപ്പം ഷാക്ക് നേരിട്ട് പലനേതാക്കളും ആര്‍എസ്എസ്സും പരാതി നല്‍കിയിട്ടുണ്ട്. എല്ലാം പരിഗണിച്ചായിരിക്കും ദില്ലിയില്‍ നിന്നും ഉടന്‍ തീരുമാനം ഉണ്ടാകുക. സംഘടനാ നടപടികള്‍ക്ക് പുറമെ കോഴ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി വരാനും സാധ്യതയുണ്ട്.
