മലപ്പുറം: മലപ്പുറം താനൂർ ഉണ്ണാലിൽ നബിദിന റാലിക്കിടെ എപി-ഇകെ സുന്നി പ്രവർത്തകർ തമ്മിൽ സംഘർഷം. ആറ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. രാവിലെ എട്ടുമണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. തേവര്‍ക്കടപ്പുറത്തിന് സമീപം നബിദിന റാലിക്കിടെയാണ് എപി, ഇകെ വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ മാരകായുധങ്ങളുമായി ഏറ്റുമുട്ടിയത്.

വെട്ടേറ്റ ആറുപേരെ തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശ്രശ്രൂഷ നല്‍കിയതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എപി - ഇകെ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം സിപിഎം ലീഗ് സംഘര്‍ഷമായി മാറാന്‍ സാധ്യതയുണ്ട്. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷമായി മുമ്പ് മാറിയിട്ടുള്ളതിനാല്‍ പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.