സുപ്രീം കോടതി രണ്ടംഗ ബഞ്ചിൽ ജസ്റ്റിസ് എകെ സിക്രി എഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം കേന്ദ്രത്തിനു കീഴിലെന്ന് വിധിച്ചു. എന്നാൽ സേവനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളിൽ അധികാരം സംസ്ഥാനത്തിനാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ നിലപാടെടുത്തു

ദില്ലി: ദില്ലിയുടെ അധികാരം ആര്‍ക്ക് എന്നത് സംബന്ധിച്ച സുപ്രീം കോടതി അഞ്ച് അംഗ ബെഞ്ചിന്റെ വിധിൽ വ്യക്തത തേടിയാണ് ആംആദ്മി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്നും എന്നാൽ സ്വതന്ത്ര അധികാരമുള്ള പദവിയല്ല ലഫ്റ്റനന്റ് ഗവര്‍ണറുടേത് എന്നും അഞ്ച് അംഗ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഉപദേശമനുസരിച്ചാകണം ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഉത്തരവുണ്ടെങ്കിലും അധികാര തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് പ്രശ്നം വീണ്ടും കോടതിയിലെത്തിയത്. 

ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ആരുടെ പരിധിയിൽ വരുമെന്ന കാര്യത്തിൽ വ്യക്തത തേടിയാണ് ആംആദ്മി സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും രണ്ടംഗ ബെഞ്ചിന് മുന്നിലെത്തിയത്. ജസ്റ്റിസുമാരായ ഏകെ സിക്രി അശോക് ഭൂഷൻ എന്നിവര്‍ കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ആര്‍ക്ക് എന്ന വിഷയത്തിൽ സേനവവുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികാരം വേണമെന്നായിരുന്നു ആംആദ്മി വാദം .ജോയിൻറ് സെക്രട്ടറി തല ഉദ്യോസ്ഥരെ സ്ഥലം മാറ്റാൻ ലഫ്റ്റനൻറ് ഗവർണ്ണർക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് എകെ സിക്രിയുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ടെന്ന് അശോക് ഭൂഷൻ നിലപാടെടുത്തു. ഇതോടെയാണ് സേവനവുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ആർക്ക് അധികാരം എന്ന വിഷയം മൂന്നംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഉദ്യോഗസ്ഥനിയമനം ആർക്കെന്ന വിഷയവും മൂന്നംഗ ബഞ്ച് തീരുമാനിക്കും

മറ്റു വിഷയങ്ങളിൽ രണ്ട് ജഡ്ജിമാരും യോജിച്ചു. അഴിമതി നിരോധന ബ്യൂറോ ലഫ്റ്റനൻറ് ഗവർണ്ണറുടെ കീഴിലാവും. അന്വേഷണ കമ്മീഷൻ രൂപീകരിക്കാനുള്ള പോലീസ് അധികാരവും കെജ്രിവാൾ സർക്കാരിനുണ്ടാവില്ല. അതേസമയം സ്പെഷ്യൽ പബ്ളിക് പ്രോസിക്യുട്ടർമാരെ സംസ്ഥാനത്തിന് നിയമിക്കാം.

വൈദ്യുതിക്ക് പുറമെ കൃഷിഭൂമിയുടെ വിലനിർണ്ണയ അധികാരവും കെജ്രിവാൾ സർക്കാരിന് നല്കി. എന്നാൽ തർക്കമുണ്ടായിൽ ലഫ്റ്റനൻറ് ഗവർണ്ണർക്ക് പ്രസിഡൻറിൻറെ ഉപദേശം തേടാം എന്ന വ്യവസ്ഥയുമുണ്ട്. ഫലത്തിൽ ഉദ്യോഗ്സഥനിയമനം സംബന്ധിച്ച ദില്ലിയിലെ ആശയക്കുഴപ്പം തുടരും. ദില്ലിക്രിക്കറ്റ് അസേസിയേഷനെതിരെ ഉൾപ്പടെ കെജ്രിവാൾ തുടങ്ങിയ അന്വേഷണം മരവിപ്പിക്കേണ്ടി വരും.