തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി വ്യാപാര പ്രമുഖനില്‍ നിന്ന് 28 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ആരോപണത്തിന്മേല്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം. ദക്ഷിണേന്ത്യയിലും വിദേശത്തും വ്യാപാരങ്ങളുള്ള തൃശൂര്‍ സ്വദേശിയായ പ്രമുഖ വ്യാപാരിയില്‍ നിന്നുമാണ് സിപിഎം നിയന്ത്രണത്തിലുള്ള പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി കോഴ ആവശ്യപ്പെട്ടത്. എന്നാല്‍, ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ വിഷയം കത്തിയാളിയെങ്കിലും അന്വേഷണം സംബന്ധിച്ച് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഉണ്ടായ ഭിന്നത ഭരണപക്ഷത്തിന് തുണയായി. 

ആരാണ് അഴിമതിക്ക് പിന്നിലെന്ന സംശയം കൗണ്‍സിലര്‍മാരിലും ബലപ്പെട്ടു. തൃശൂര്‍ വടക്കേ ബസ് സ്റ്റാന്റിനടുത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റിന് 'ഹൈപ്പര്‍ ടെന്‍ഷന്‍' വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയിലാണ് പണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് വിവാദ സംഭവമുണ്ടാകുന്നത്. ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നല്‍കിയതോടെയാണ് വിഷയം പുറത്തുവരുന്നത്. എന്നാല്‍, ഇങ്ങനെയൊരു പരാതിയോ അതിന്മേല്‍ അന്വേഷണമോ ഉണ്ടായിട്ടില്ലെന്ന് മേയര്‍ അജിത ജയരാജന്‍ കൗണ്‍സിലില്‍ വ്യക്തമാക്കി. 

പ്രതിപക്ഷത്തുനിന്ന് വിജിലന്‍സ് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അംഗമായ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് ചാലിശേരി ആവശ്യപ്പെട്ടു. ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാരുടെ പ്രത്യേക ടീം വിഷയം ആദ്യം അന്വേഷിക്കട്ടെയെന്ന് മേയര്‍ പറഞ്ഞതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ത്തു. തനിക്ക് ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും, ഇടപാടുകള്‍ നടന്നതായി അറിവില്ലെന്നും ഫ്രാന്‍സിസ് ചാലിശേരി അന്വേഷിക്കട്ടെയെന്ന മേയറുടെ പരാമര്‍ശവും ബഹളത്തിനിടയാക്കി. തര്‍ക്കത്തെ തുടര്‍ന്ന് അടുത്ത കൗണ്‍സിലില്‍ പ്രത്യേക അജണ്ടയായി വിഷയം ചര്‍ച്ച ചെയ്യാമെന്നും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സീസ് ചാലിശേരിയും ഉള്‍പ്പെടുന്ന സമിതി ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്നും മേയര്‍ നിലപാട് തിരുത്തുകയായിരുന്നു. അടുത്ത കൗണ്‍സിലില്‍ അജണ്ട വച്ച് ഫയല്‍ ചര്‍ച്ചക്കെടുക്കാമെന്ന് മുന്‍ ഡെ.മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുടെ നിര്‍ദ്ദേശം പ്രതിപക്ഷവും അംഗീകരിച്ചതോടെയാണ് പ്രശ്‌നം ശാന്തമായത്. 

വടക്കേ സ്റ്റാന്റിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് വൈദ്യുതി ലഭിക്കണമെങ്കില്‍ അശ്വിനി ജംഗ്ഷനില്‍ നിന്നുള്ള ട്രാന്‍സ്ഫോര്‍മറില്‍ നിന്നോ, പള്ളിത്താമം ഗ്രൗണ്ടിന് സമീപത്ത് നിന്നോ റോഡ് മുറിച്ച് കേബിള്‍ വലിക്കണം. ഇതില്‍ കുറഞ്ഞ ദൂരം അശ്വിനി ജംഗ്ഷനില്‍ നിന്നുമാണ്. ഇവിടെ നിന്നും റോഡ് കുഴിയെടുത്ത് കേബിളിടണം. റോഡ് കുഴിച്ച് മൂടുന്ന റിസ്റ്റോറേഷന്‍ ചാര്‍ജ്ജ് എന്ന കണക്കിലാണ് ഇത്രയും വലിയ തുക പറഞ്ഞത്. ആദ്യം അറിയിച്ചത് 45 ലക്ഷമായിരുന്നു. ഇതായിരുന്നു കുറഞ്ഞ് 28 ലക്ഷത്തിലെത്തിയത്. തുക നല്‍കാമെന്ന് വ്യാപാരി അറിയിച്ചു. എന്നിട്ടും അപേക്ഷയിലെ വില പേശലുമായി വൈകിപ്പിക്കുകയായിരുന്നുവത്രെ. വ്യാപാരി നേരെ മേയറെ സമീപിച്ചതിലാണ് മാറ്റിവച്ചിരുന്ന ഫയല്‍ വിളിച്ചു വരുത്തി നടപടിയെടുത്തത്. ഇതില്‍ പരിശോധിച്ചതിലാവട്ടെ 15 ലക്ഷമാണ് വ്യാപാരിക്ക് അടക്കേണ്ടി വന്നുമുള്ളൂ. 

സിപിഎം നേതാവ് അഡ്വ.എം പി ശ്രീനിവാസന്‍ ചെയര്‍മാനായ സ്റ്റാന്റിങ് കമ്മിറ്റിയില്‍ സിപിഎമ്മില്‍ നിന്നുള്ള പി.സി. ജ്യോതിലക്ഷ്മി, ഇ.ഡി. ജോണി, സുരേഷ്നി സുരേഷ് എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ.എം കെ മുകുന്ദനും ടി.ആര്‍. സന്തോഷും ബിജെപി നേതാവ് രാവുണ്ണിയുമാണ് ഈ കമ്മിറ്റിയിലുള്ളത്. വിവാദ വിഷയമായിട്ടും ഫയല്‍ കൗണ്‍സിലിലെത്തിയിരുന്നില്ല. നഗരത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍ഇഡിയാക്കി മാറ്റി, ഏജന്‍സികളില്‍ നിന്നുള്ള നിക്ഷേപവും പരിപാലനവും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഫയലും പൊതുമരാമത്ത് പിടിച്ചുവച്ചതിലുണ്ട്. ഒരു വര്‍ഷം മുമ്പ് തയ്യാറാക്കിയ ഫയല്‍ പരിശോധനക്കായി പൊതുമരാമത്തിന് വിട്ടതായിരുന്നു. ഇതില്‍ വൈദ്യുതോപയോഗം എത്രയെന്ന് എക്സിക്യൂട്ടിവ് എഞ്ചിനിയറോട് അഭിപ്രായം തേടിയതില്‍, കുറിപ്പ് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും ഫയല്‍ കൗണ്‍സിലിലെത്തിയില്ല. 

നൂറിലേറെ ഫയലുകളാണ് ഈ വിധത്തില്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി പിടിച്ചു വച്ചിരിക്കുന്നതെന്ന് പറയുന്നു. ചെയര്‍മാന്‍ അഡ്വ.എം.പി. ശ്രീനിവാസനും ഡെപ്യൂട്ടി മേയറായിരുന്ന വര്‍ഗീസ് കണ്ടംകുളത്തിയും തമ്മിലെ ശീതസമരത്തെ തുടര്‍ന്ന് സ്റ്റാന്റിങ് കമ്മിറ്റിക്ക് ഫയലുകള്‍ വിടുന്നില്ലെന്നുമുള്ള ആക്ഷേപം നിലനില്‍ക്കെയാണ് ഭരണത്തെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിക്കെതിരെയുള്ള ആരോപണം. 

ചൊവ്വാഴ്ച രണ്ട് അജണ്ടകള്‍ മാത്രമായി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ കൗണ്‍സില്‍ തുടങ്ങിയ ഉടനെ പ്രതിപക്ഷത്ത് നിന്നും എ.പ്രസാദാണ് വിഷയം ഉന്നയിച്ചത്. ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി അംഗവും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയംഗവുമായ വി.രാവുണ്ണി എഴുന്നേറ്റു. ഈ ഭരണത്തില്‍ അഴിമതി നടക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണെന്ന മുഖവുരയോടെ തുടങ്ങിയ രാവുണ്ണിയെ എതിര്‍ത്ത് പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍ വിഷയം ഏറ്റുപിടിച്ചു. രാവുണ്ണിക്ക് ഈ വിഷയത്തില്‍ മറുപടി പറയാന്‍ അര്‍ഹതയില്ലെന്ന് ജോണ്‍ ഡാനിയേല്‍ പറഞ്ഞു. ഇതോടെ ജോണ്‍ ഡാനിയേലിനെതിരെ നേരത്തെ സിനിമാ തിയേറ്റര്‍ ഉടമ നല്‍കിയ പരാതി ആരോപണമായി ഉന്നയിച്ചതോടെ കോണ്‍ഗ്രസും ബിജെപി അംഗങ്ങളും പരസ്പര ആരോപണങ്ങളുമായി എഴുന്നേറ്റു. 

അതേസമയം, വടക്കേ സ്റ്റാന്‍ഡിലെ ഹൈപ്പര്‍മാര്‍ക്കറ്റിന് വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ സ്റ്റാന്റിങ് കമ്മിറ്റി പരിഗണിച്ചിട്ടില്ലെന്നും സ്റ്റാന്റിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിയമപരവും സുതാര്യവുമാണെന്നും ചെയര്‍മാന്‍ അഡ്വ.എം പി ശ്രീനിവാസന്‍ കൗണ്‍സിലില്‍ അറിയിച്ചു. ആരോപണത്തിന് പിന്നില്‍ തന്റെ കസേരക്ക് വേണ്ടിയുള്ള ലക്ഷ്യങ്ങളുമുണ്ടെന്ന് സംശയിക്കുന്നു. നിയമം വിട്ട് ഒരു നടപടിയും സ്റ്റാന്റിങ് കമ്മിറ്റിയോ, അംഗങ്ങളോ സ്വീകരിച്ചിട്ടില്ല. ഇതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുവെന്നും അഡ്വ.ശ്രീനിവാസന്‍ കൗണ്‍സിലില്‍ വിശദീകരണം നല്‍കി. എന്നാല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ശ്രീനിവാസന്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും അദ്ദേഹത്തില്‍ അഴിമതിയുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന മറുവാദവുമായി എഴുന്നേറ്റ പ്രതിപക്ഷ അംഗങ്ങള്‍ പക്ഷേ, അഴിമതിയെ പുറത്ത് നിറുത്തിയെന്ന സിപിഎം വാദത്തെ തള്ളുന്ന കോഴ ആരോപണം ഗുരതരമാണെന്നും ചൂണ്ടിക്കാട്ടി.