താങ്ങുവില വര്‍ധിപ്പിക്കും: കര്‍ഷകര്‍ക്ക് ആശ്വാസ വാക്കുകളുമായി മോദി

ദില്ലി: സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒന്നര മടങ്ങ് വിലയുറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് നരേന്ദ്രമോദി. ദീന്‍ ദയാല്‍ ഉപാധ്യായ കൃഷി വിജ്ഞാന്‍ പുരുഷോത്തം പുരസ്ക്കാര സമര്‍പ്പണ വേളയിലാണ് പ്രധാനമന്ത്രിയുടെ ആശ്വാസ പ്രഖ്യാപനം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുളള താങ്ങുവിലയുടെ കാര്യത്തില്‍ ചിലര്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കുന്നതായി പ്രതിപക്ഷ കക്ഷികളെ ലക്ഷ്യം വച്ച് അദ്ദേഹം പ്രതികരിച്ചു. 

 1.5 ഇരട്ടി താങ്ങുവില കൊടുക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ഫലത്തില്‍ എംഎസ് സ്വാമിനാഥന്‍റെ റിപ്പോര്‍ട്ടിലെ കര്‍ഷകരുടെ വരുമാന വര്‍ദ്ധനയ്ക്കായുളള നിര്‍ദേശങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂലിക്കുന്നു എന്നതാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം നല്‍കുന്ന സൂചന. 

മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് അനുകൂലമായി ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം മാറിയിരുന്നു. മാര്‍ച്ചിനെത്തുടര്‍ന്ന് മഹാരാഷ്ട്രാ സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നിരുന്നു. മഹാരാഷ്ട്രയ്ക്ക് ശേഷം ഉത്തര്‍പ്രദേശിലും സമാനമായ സമരം നടത്തുമെന്ന കിസാന്‍ സഭ പ്രഖ്യാപനവും ഒരു വര്‍ഷം അകലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യവും സര്‍ക്കാരിന്‍റെ മുകളിലെ സമ്മര്‍ദം ഉയര്‍ത്തുന്നുണ്ട്.