തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടൽ പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടുന്നു. പരസ്യ പ്രസ്താവനകൾ ഹൈക്കമാൻഡ് വിലക്കി. പരസ്യ ഏറ്റുമുട്ടൽ കോൺഗ്രസിനെ പരിക്കേൽപ്പിച്ചുവെന്ന് ഏ കെ ആന്‍റണി പറഞ്ഞു.

സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധം തെരുവിലേക്ക് നീങ്ങിയതോടെയാണ് നേതാക്കൾക്ക് താക്കീതുമായി ഹൈക്കമാൻഡിന്‍റെ ഇടപെടൽ. ഹൈക്കമാൻഡ് അംഗീകരിച്ച ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെയാണ് ഹൈക്കമാൻഡ് കാണുന്നത്. ഡിസിസി പ്രസിഡന്‍റ് പട്ടികയിൽ എ ഗ്രൂപ്പിനുണ്ടായ പരാതിക്ക് തൊട്ടുപിന്നാലെയുണ്ടായ കെ മുരളീധരന്‍റെ വിമര്‍ശനവും രാജ്മോഹൻ ഉണ്ണിത്താനുമായുണ്ടായ ഏറ്റുമുട്ടലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു.

അതിനിടെ സംസ്ഥാന കോൺഗ്രസിലെ ഏറ്റുമുട്ടലിൽ അതൃപ്തി അറിയിച്ച എ കെ ആന്‍റണി സംസ്ഥാനത്തെ സ്ഥിതിഗതികളിൽ വേദനയുണ്ടെന്നും ഇത് കോൺഗ്രസിനെ പരിക്കേൽപ്പിച്ചുവെന്നും വിമര്‍ശിച്ചു.