കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുത്  

തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ നിര്‍ദ്ദേശം. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടിയെടുക്കുമെന്നും പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ നിര്‍ദ്ദേശിച്ചു. രാജ്യസഭാ സീറ്റ് നല്‍കുമ്പോള്‍ പരിഗണിച്ചത് മുന്നണിയുടെ കെട്ടുറപ്പെന്ന് ഹസ്സനും ചെന്നിത്തലയും രാഷ്ട്രീയകാര്യ സമതിയില്‍ പറഞ്ഞു. 

യുഡിഎഫിന്‍റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിന് കോണ്‍ഗ്രസിലെ യുവനേതാക്കളുടെയും മറ്റ് നേതാക്കളുടെയും ഭാഗത്ത് നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വി.ടി ബലറാം, അനില്‍ അക്കര തുടങ്ങിയവര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അതേസമയം ഉമ്മൻ ചാണ്ടിയെ ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് വിഷ്ണുനാഥ് പറഞ്ഞു.