ഇല്ലാത്ത റിപ്പോർട്ട് പാർലമെന്‍റില്‍ എത്തിയെന്ന് സത്യവാങ്മൂലത്തിൽ എഴുതിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചർച്ചയാവാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിപക്ഷം ഇന്നതിന് തയ്യാറാവാനിടയില്ല

ദില്ലി: റഫാല്‍ ഇടപാടില്‍ വീണ്ടും ഭരണപക്ഷ-പ്രതിപക്ഷ യുദ്ധം കനക്കുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനെതിരെ പാർലമെന്‍റില്‍ പ്രതിപക്ഷം ഇന്ന് അവകാശലംഘന നോട്ടീസ് നല്കും. റഫാൽ ഇടപാടിലെ സിഎജി റിപ്പോർട്ട് പാർലമെൻറ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിഗണിക്കുന്നു എന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ഇല്ലാത്ത റിപ്പോർട്ട് പാർലമെന്‍റില്‍ എത്തിയെന്ന് സത്യവാങ്മൂലത്തിൽ എഴുതിയത് അവകാശലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ചർച്ചയാവാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിപക്ഷം ഇന്നതിന് തയ്യാറാവാനിടയില്ല. റഫാൽ ഇടപാടിലെ സി എ ജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റിനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കും സമര്‍പ്പിച്ചെന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപേക്ഷ നല്‍കിയിട്ടുണ്ട്.

വ്യാകരണ പിഴവെന്ന് ചൂണ്ടിയാണ് തിരുത്തൽ ആവശ്യം. അതേസമയം, സിഎജിയെയും അറ്റോര്‍ണി ജനറലിനെയും വിളിച്ചു വരുത്തുമെന്ന് പി എ സി ചെയര്‍മാൻ മല്ലികാര്‍ജ്ജുന ഖാർഗെ വ്യക്തമാക്കി. റഫാലിൽ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി വിധിയിലെ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടിയാണ്, പ്രതിരോധത്തിലായ കോണ്‍ഗ്രസ് ഇപ്പോള്‍ തിരിച്ചടിക്കുന്നത്.

റഫാൽ വിമാന വിലയുടെ വിശദാംശങ്ങള്‍ സി എ ജിക്ക് കൈമാറിയെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്‍റിൽ സമര്‍പ്പിച്ചെന്നും പി എ സി പരിശോധിച്ചെന്നുമാണ് വിധിയിലെ വാചകം. എന്നാൽ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന വാദം ഉയര്‍ത്തി വിധിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിപ്പിച്ചെന്ന് ആരോപിച്ചു.