2019 ലക്ഷ്യം വെച്ച് കോണ്‍ഗ്രസ്; പ്രായോഗിക സമീപനമെന്ന് രാഹുല്‍ ഗാന്ധി

First Published 17, Mar 2018, 1:18 PM IST
Congress aicc summit
Highlights
  • രാഷ്ട്രീയ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു
  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ദില്ലി: ബി.ജെ.പിയെ പരാജയപ്പെടുത്താൻ 2019ൽ സമാന ചിന്താഗതിയുള്ള പാര്‍ടികളുമായി ചേര്‍ന്ന് പ്രായോഗിക സമീപനത്തിന് രൂപം നൽകുമെന്ന് ദില്ലിയിൽ തുടങ്ങിയ എ.ഐ.സി.സി സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം. വിദ്വേഷമില്ലാതാക്കി ഇന്ത്യയെ നയിക്കാൻ കോണ്‍ഗ്രസിനേ കഴിയൂവെന്ന് ആമുഖ പ്രസംഗത്തിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുമ്പോൾ മുതുര്‍ന്ന നേതാക്കളെ അവഗണിക്കില്ലെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞു.

കോണ്‍ഗ്രസിൽ തലമുറ മാറ്റത്തിന് ശേഷമുള്ള ആദ്യ എ.ഐ.സി.സി സമ്മേളനത്തിൽ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നൽകാനാണ് പുതിയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രമിച്ചത്. അഞ്ച് മിനിറ്റ്മാത്രം നീണ്ടുനിന്ന ആമുഖ പ്രസംഗത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ വിഭജിക്കുന്നുവെന്നും വിദ്വേഷം പരത്തുന്നുവെന്നും രാഹുൽ ആരോപിച്ചു. മാറ്റം ഇപ്പോഴാണെന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ സമ്മേളനത്തിൽ യുവാക്കളെ പാര്‍ടിയിലേക്ക് കൊണ്ടുവരുമെന്നും എന്നാൽ പഴയകാലം മറക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

ജവഹര്‍ലാൽ നെഹ്റു മുതൽ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻസിംഗ് തുടങ്ങി കോണ്‍ഗ്രസിന്‍റെ എല്ലാ മുൻ പ്രധാനമന്ത്രിമാരും നൽകിയ സേവനങ്ങൾ എടുത്തുപറയുന്ന രാഷ്ട്രീയ പ്രമേയമാണ് സമ്മേളനത്തിൽ മല്ലാകാര്‍ജ്ജുണ ഖാര്‍ഗെ അവതരിപ്പിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. 

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന നിര്‍ദ്ദേശം പ്രമേയം തള്ളി. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് ആര്‍.എസ്.എസും ബി.ജെ.പിയും മൗലിക അവകാശങ്ങൾ ഹനിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. 2019ൽ സമാന ചിന്താഗതിക്കാരായ പാര്‍ടികളുമായി ചേര്‍ന്ന് ബി.ജെ.പി. ആര്‍.എസ്.എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ പ്രായോഗിക സമീപനത്തിന് രൂപം നൽകും. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ എന്തെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നില്ല.

loader