ഗാന്ധിനഗര്‍: ഗുജറാത്തില്‍ മറ്റന്നാള്‍ വോട്ടെണ്ണാനിരിക്കെ വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. പാഠന്‍, ബനാസ്കന്ദ ജില്ലകളിലെ 30 ശതമാനം വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളിലെ രസീത് എണ്ണണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപണം തുടരുകയാണ് കോണ്‍ഗ്രസ്. രണ്ടുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറിലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സന്ത്യസന്ധമായാണ് വോട്ടെടുപ്പ് നടന്നതെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും ഒ.ബി.സി നേതാവും രാധന്‍പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പലഘട്ടങ്ങളിലും ബി.ജെ.പിക്ക് അനുകൂല സമീപനം തെര‌‌‌ഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതായും കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടിങ് രസീത് എണ്ണണമെന്ന കൂടുതല്‍ വിശദാംശങ്ങള്‍ചേര്‍ത്തുള്ള പുതിയ അപേക്ഷ സുപ്രീം കോടതിയില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‍വി പറഞ്ഞു. ഗുജറാത്തില്‍ ബി.ജെ.പി ഭരണം തുടരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലം.