മുംബൈ: 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണിയെ രാജ്യ ഭരണം നേടാന്‍ പ്രാപ്തമാക്കിയതില്‍ പ്രധാനം മഹാരാഷ്ട്രയിലെ ഫലമായിരുന്നു. ആകെയുള്ള 48 സീറ്റകളില്‍ 41 ലും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ വിജയകൊടി നാട്ടി. ബിജെപി 23 ഇടത്ത് വിജയിച്ചപ്പോള്‍ ശിവസേനയുടെ നേട്ടം 18 ആയിരുന്നു.

സംസ്ഥാന ഭരണം കോണ്‍ഗ്രസും എന്‍ സി പിയും ഒന്നിച്ച് നടത്തിയ കാലഘട്ടത്തിലായിരുന്നു പൊതുതെരഞ്ഞെടുപ്പ്. രണ്ട് പാര്‍ട്ടികളും വെവ്വേറെയായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് എന്‍ ഡി എയ്ക്ക് വലിയ തോതില്‍ ഗുണം ചെയ്യ്തു. കോണ്‍ഗ്രസ്, എന്‍ സി പി സ്ഥാനാര്‍ത്ഥികള്‍ ഒരു പോലെ വോട്ട് നേടിയപ്പോള്‍ ബിജെപി ശിവസേന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ജയം അനായാസമായി.

2014 ല്‍ സംഭവിച്ച അബദ്ധം 2019 ല്‍ ആവര്‍ത്തിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസും എന്‍ സി പിയും. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു. 48 ല്‍ 40 സീറ്റുകളില്‍ ധാരണയായതായി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി. ശേഷിക്കുന്ന സീറ്റുകളില്‍ അധികം വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു.

മോദി ഭരണത്തിന് അന്ത്യം വരുത്തുകയെന്നതാണ് ലക്ഷ്യമെന്നും എന്‍ സി പി അധ്യക്ഷന്‍ വിശദീകരിച്ചു. അതിനുവേണ്ടി ഒന്നിച്ച് നിന്ന് പോരാടും. 2014 ലെ അബദ്ധം ഇക്കുറി ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്- എന്‍ സി പി സഖ്യം ബിജെപിക്ക് വലിയ തോതില്‍ തലവേദനയാകുകയാണ്. പ്രത്യേകിച്ചും ശിവസേന ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍. ഇക്കുറി ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന നിലപാടാണ് സേന എടുത്തിരിക്കുന്നത്. മാത്രമല്ല ഇപ്പോള്‍ മോദി ഭരണത്തിന്‍റെ ശക്തരായ വിമര്‍ശകരാണ് സേനയുടെ നേതാക്കള്‍.