ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്  മാസങ്ങൾ മാത്രം ശേഷിക്കെ ആദ്യമായി ഒരു അഭിമുഖം നല്‍കിയ മോദിയെ പരിഹസിച്ച് കോൺഗ്രസ്. നിയസഭാ തെരഞ്ഞെടുപ്പിൽ‌ ഹിന്ദി ഹൃദയ ഭൂമിയിൽ കടുത്ത തോൽവി നേരിട്ടതോടെയാണ് മോദി വായ് തുറന്നതെന്ന് കോൺഗ്രസ് പരിഹസിച്ചു. 2014ൽ അധികാരത്തിലേറുന്നതിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെക്കുറിച്ച് മോദി ഒന്നും പ്രതികരിച്ചില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. 

മോദിയുടെ ആത്മഗത അഭിമുഖത്തിന്റെ ചുരുക്കം ഇത്രയേ ഉള്ളു; 'ഞാൻ, എനിക്ക്, എന്റെ, എന്നെത്തന്നെ.' രാജ്യം നിങ്ങളുടെ ‘ഐ’സും (ഞാനെന്ന ഭാവം), ‘ലൈ’സും (കള്ളങ്ങൾ) സഹിച്ചു മടുത്തു’ – കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി  സ്വന്തം പാർട്ടിയുടേയും ആർ എസ് എസിന്റെയും ആവശ്യങ്ങൾ തള്ളിക്കളയുന്നത് മോഹൻ ഭാഗവതും ആർ എസ് എസും കണ്ണ് നിറയെ കണ്ടു കാണും. അയോധ്യ വിഷയത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കട്ടെ എന്ന മോദിയുടെ നിലപാട് അഭിനന്ദനീയമാണ്. എന്നാൽ അതിനിടയിലും അനാവശ്യമായി ഓർഡിനൻസിന്റെ കാര്യം പറഞ്ഞ് അവ്യക്തത സൃഷ്ടിക്കാൻ  പ്രധാനമന്ത്രി ശ്രമിച്ചു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മോദിയുടെ അഭിമുഖത്തിൽ സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു കാര്യവും ഇല്ലായിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. ജിഎസ്ടിയും നോട്ടു നിരോധനവും കാരണം ജനങ്ങൾക്കുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്. കള്ളപ്പണത്തെയും ബാങ്ക് തട്ടിപ്പുകളെയും കുറിച്ച് മോദി നിശ്ശബ്ദത പാലിച്ചുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. മോദി സ്വന്തമായി നടത്തിയ അഴിമതിയാണ് റഫാൽ ഇടപാടെന്നും, ആ വിഷയത്തിൽ അടിയന്തരമായി സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.