അഹമ്മദാബാദ് : എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അട്ടിമറിക്കാതെ ഗുജറാത്ത്. തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി ഗുജറാത്തില്‍ അധികാരത്തിലേയ്ക്ക് എത്തുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി വന്ന ബിജെപിയെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ വിറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. 

കുറച്ച് സമയത്തേയ്ക്കെങ്കിലും ബിജെപി കേന്ദ്രങ്ങളിലെ ആരവങ്ങള്‍ ഒഴിഞ്ഞു. ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വരെ തയ്യാറായില്ല. പിന്നീട് ലീഡ് നില വീണ്ടെടുത്തതോടെയാണ് ബിജെപി കേന്ദ്രങ്ങളില്‍ ജീവന്‍ തിരിച്ചെത്തിയത്. 

ഗുജറാത്തില്‍ മൃഗീയ ഭൂരിപക്ഷം നേടാന്‍ സാധ്യത ഇല്ലെന്നാണ് ബിജെപി രാജ്യസഭാംഗം സഞ്ജയ് കകഡെ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തില്‍ സ്വന്തം നിലയില്‍ നടത്തിയ സര്‍വ്വേകളെ അടിസ്ഥാനമാക്കിയായിരുന്നു കകഡേയുടെ പ്രവചനം. വല്ലവിധേനയും പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അത് പ്രധാനമന്ത്രിയുടെ കഴിവായി മാത്രേ കാണാനേ സാധിക്കൂവെന്ന് സഞ്ജയ് കകഡേ പറഞ്ഞത്.

ഈ അവകാശ വാദത്തെ സാധൂകരിക്കുന്ന രീതിയില്‍ തന്നെയാണ് ഗുജറാത്തിലെ വോട്ട് പെട്ടി തുറക്കുമ്പോളുള്ള ഫലങ്ങളും. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രചാരണം നടത്തിയ മേഖലകള്‍ ബിജെപിയിലേയ്ക്ക് ചാഞ്ഞതാണ് ലീഡ് വീണ്ടെടുക്കാന്‍ സഹായകമായത്. മുഖ്യമന്ത്രി വിജയ് രൂപാണി പോലും കഷ്ടിച്ചാണ് കടന്ന് കൂടിയത്. വിജയ് രൂപാണിക്കെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവ് ഇന്ദ്രാണി രാജ്ഗുരുവിന് സാധിച്ചിരുന്നു. മോദി പ്രഭാവത്തില്‍ ബിജെപി വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തുകയാണ്