ദില്ലി: കേരളത്തില്‍ ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകത്തില്‍ ഉടന്‍ ഇടപെട്ട കേന്ദ്ര സര്‍ക്കാര്‍ ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേരളത്തില്‍ ആക്രമിക്കപ്പെടുന്നവരും മനുഷ്യരല്ലേ എന്നായിരുന്നു ബി.ജെ.പിയുടെ മറുപടി. ഗുജറാത്തിലെ സംഭവികാസങ്ങളെച്ചൊല്ലിയുള്ള ബഹളം കാരണം രാജ്യസഭ തടസ്സപ്പെട്ടു.

ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയെയാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ കേരളത്തിലെ അക്രമം പരാമര്‍ശിച്ചത്. കേരളത്തില്‍ ഒരു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഇടപെട്ടതു പോലെ കേന്ദ്രം ഗോരക്ഷയുടെ പേരിലുള്ള അക്രമത്തില്‍ ഇടപെടണമെന്ന് ഖര്‍ഗെ ആവശ്യപ്പെട്ടു. കേരളത്തില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഗവര്‍ണര്‍, മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടി. എന്നാല്‍ ഗോരക്ഷയുടെ പേരിലെ ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ ആരെയും വിളിച്ചു വരുത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ അക്രമം ജനക്കൂട്ട ആക്രമണത്തിന്റെ ഒപ്പം ചര്‍ച്ച ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കേരളത്തില്‍ ആക്രമിക്കപ്പെടുന്നവരും മനുഷ്യരല്ലേ എന്നായിരുന്നു ബി.ജെ.പിയുടെ ഹുകും ദേവ് നാരായണ്‍ യാദവിന്റെ ചോദ്യം.

രാവിലെ രാജ്യസഭ ചേര്‍ന്നയുടന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഗുജറാത്ത് വിഷയം എടുത്തിട്ടു. പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പി, കോണ്‍ഗ്രസ് എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ എം.എല്‍.എമാരെ ബംഗളുരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച കോണ്‍ഗ്രസിനെ പരിഹസിച്ച് ഭരണപക്ഷം തിരിച്ചടിച്ചു. ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ പത്ത് മിനിട്ട് രാജ്യസഭ നിര്‍ത്തി വെച്ചു.