മറ്റ് സംസ്ഥാനങ്ങളിലും കര്‍ണാടക മോഡല്‍ ആവര്‍ത്തിക്കണം ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്ന് ഗോവ കോണ്‍ഗ്രസ് നേതാക്കള്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണും

ബംഗളുരു: കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ കേവല ഭൂരിപക്ഷമായ 113 സീറ്റുകള്‍ നേടാന്‍ ഒരുപാര്‍ട്ടിയ്ക്കും ആകാത്ത സാഹചര്യത്തില്‍ ഭരണം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഏല്‍പ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സംസ്ഥാന രാഷ്ട്രീയം പുകയുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷി 104 സീറ്റുകള്‍ നേടിയ ബിജെപി ആണെങ്കിലും 117 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടും വിവേചനാധികാര പ്രകാരം കര്‍ണാടക ഗവര്‍ണര്‍ വാജുബേയി വാല ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഭരണത്തിലേക്ക് ക്ഷണിക്കേണ്ടതെന്ന വാദമാണ് ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് നേരെ ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്ന അതത് ഗവര്‍ണര്‍മാര്‍ ബിജെപിയെയാണ് അധികാരത്തിലേക്ക് ക്ഷണിച്ചത്. ഇത് ഗവര്‍ണറുടെ വിവോചനാധികാര പരിധിയ്ക്കുള്ളില്‍ വരുന്നതാണെന്നാണ് കേന്ദ്രമന്ത്രിമാരടക്കമുള്ള നേതാക്കള്‍ പ്രതിരോധത്തിനായി വാദിക്കുന്നത്. 

എന്നാല്‍ മണിപ്പൂര്‍, ഗോവ, ബീഹാര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കര്‍ണാടക മോഡല്‍ ആവര്‍ത്തിക്കണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഈ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സംഖ്യം രാജി വച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയ്ക്ക് ഭരിക്കാന്‍ മാറിക്കൊടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവായ റണ്‍ദീപ് സുര്‍ജേവാല ദില്ലിയില്‍ ആവശ്യപ്പെട്ടത്. 

കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നുള്ള സഖ്യത്തിനാണ് കര്‍ണാടകയില്‍ ഭൂരിപക്ഷം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും യെദ്യൂരപ്പ സര്‍ക്കാര്‍ മന്ത്രിസഭ രൂപീകരിച്ചിട്ടില്ല. കേണ്‍ഗ്രസി നല്‍കിയ പരാതിയില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കാനിരിക്കെ യെദ്യൂരപ്പ സര്‍ക്കാരിന്‍റെ ഭാവി അനിശ്വിതത്വത്തിലാണ്. 

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിനും ഭരണം ലഭിച്ചില്ല. ''കര്‍ണാടക ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഭരണത്തിലേക്ക് ക്ഷണിച്ചെങ്കില്‍ എന്തുകൊണ്ട് ഗോവ ഗവര്‍ണര്‍ അത് ചെയ്തില്ല ? എന്തുകൊണ്ടാണ് രണ്ട് സംസ്ഥാനങ്ങള്‍ക്ക് രണ്ട് രീതി ?'' - ഗോവയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചൊദാന്‍കര്‍ ട്വീറ്റ് ചെയ്തു. 40 സീറ്റില്‍ 17 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായത്. നാല് ദിവസമാണ് മനോഹര്‍ പരീക്കര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കിയത്. എന്നാല്‍ കര്‍ണാടകയില്‍ ഇത് 15 ദിവസമാണ്. 

ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ വസതിയിലേക്ക് ഗോവയിലെ 16 കോണ്‍ഗ്രസ് എംഎല്‍മാരും ഇന്ന് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. മണിപ്പൂരിലെ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ് ഗവര്‍ണറെ കാണാനിരിക്കുകയാണ്. 60 സീറ്റുകളുള്ള മണിപ്പൂരില്‍ 28 സീറ്റാണ് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത്. ബിജെപി 21 ഉം എന്‍പിഎഫ്, എന്‍പിപി, ലോക് ജന്‍ശക്തി, എഐടിസി എന്നിവയ്ക്ക് 11 സീറ്റുകളുമാണ് ലഭിച്ചത്. ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡി, പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് നേതാവ് തേജസ്വി യാദവ് പറഞ്ഞു.