തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് തിരുവനന്തപുരത്ത് രഹസ്യയോഗം ചേര്‍ന്നു. ഗ്രൂപ്പിനുള്ളിലെ ഭിന്നത ഒഴിവാക്കി പാര്‍ട്ടി സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയെ കെ.പി.സി.സി.സി പ്രസിഡന്‍റാക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത ഐ.എന്‍.ടി.യു.സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനെതിരെ കടുത്ത നിലപാട് എടുക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചു.
കവടിയാറിലെ ഒരു ഫ്ലാറ്റില്‍ ചേര്‍ന്ന രഹസ്യ യോഗത്തില്‍ എ ഗ്രൂപ്പിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തു . കെ.പി.സി.സി പ്രസിഡന്‍റ് പദം ഗ്രൂപ്പിന് തന്നെ വേണമെന്നാവശ്യത്തില്‍ തെല്ലും വിട്ടുവീഴ്ചയുണ്ടാകില്ല .അധ്യക്ഷ സ്ഥാനത്തെത്താന്‍ ഗ്രൂപ്പില്‍ തന്നെ ഒന്നിലധികം നേതാക്കള്‍ക്ക് താല്‍പര്യമുണ്ട് . ഈ സാഹചര്യത്തിലാണ് അഭിപ്രായ ഭിന്നത ഒഴിവാക്കി ഒന്നിച്ചു നീങ്ങാന്‍ എ ഗ്രൂപ്പ് യോഗത്തില്‍ നേതാക്കള്‍ ധാരണയിലെത്തിയത്. അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് ഒരു കാരണവശാലും താനില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടി നേതാക്കളോട് ആവര്‍ത്തിച്ചെന്നാണ് വിവരം.
താഴെ തട്ടു മുതല്‍ ഗ്രൂപ്പിനുള്ളി തര്‍ക്കങ്ങളൊഴിവാക്കി നീങ്ങാനും പരമാവധി സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനുമാണ് തീരുമാനം . കെ.പി.സി.സി അധ്യക്ഷ പദവിയിലേയ്‌ക്ക് ഉമ്മന്‍ ചാണ്ടിയെന്ന നിര്‍ദേശത്തോടുള്ള എതിര്‍പ്പ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ റിട്ടേണിങ് ഓഫീസറെ അറിയിച്ചിരുന്നു . ഈ സാഹചര്യത്തില്‍ ഐ.എന്‍.ടി.യു.സിയില്‍ ചന്ദ്രശേഖരനെതിരായ നീക്കം ശക്തമാക്കാനാണ് എ ഗ്രൂപ്പ് തീരുമാനം.
ചന്ദ്രശേഖരനെ അംഗീകരിക്കാതെ സ്വന്തം നിലയില്‍ മുന്നോട്ട് പോകാനാണ് ധാരണ . പ്രവര്‍ത്തിക്കുന്ന യൂണിയനുകള്‍ ഗ്രൂപ്പിനൊപ്പമെന്നാണ് എ ഗ്രൂപ്പ് വാദം . ചന്ദ്രശേഖരന്‍റേത് ഏകപക്ഷീയ നിലപാടുകളെന്ന വിമര്‍ശനത്തോടെയാകും ഐ.എന്‍.ടിയു.സി സംസ്ഥാന പ്രസിഡന്‍റിനെതിരായ നീക്കം എ ഗ്രൂപ്പ് ശക്തമാക്കുക.
