ദില്ലി: ബിജെപി ആറാം തവണയും അധികരാത്തിലേറിയതിന് പിന്നാലെ ഗുജറാത്തില്‍ രാഹുല്‍ തരംഗം വോട്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ സ്വീകാര്യതയാണ് ഗുജറാത്തില്‍ രാഹുലിന് ലഭിച്ചത്. എന്നാല്‍ ഇത് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഏഴോ എട്ടോ സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന് നോടാമായിരുന്നുവെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. 

ബിജെപി സര്‍ക്കാരിനെ മടുത്ത ഒരു വിഭാഗം ഗുജറാത്തിലുണ്ട്. അസന്തുഷ്ടരായ അവര്‍ക്ക് ബിജെപി പരാജയപ്പെടണമെന്നുണ്ട്. സഖ്യകക്ഷികളുടെ സ്ഥാനാര്‍ത്ഥികളേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥികളായിരുന്നു കോണ്‍ഗ്രസിന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ കഠിനമായി പ്രയത്‌നിച്ചു. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാവുന്നതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. അവസാന നിമിഷം വോട്ട് തേടി ജനങ്ങളിലേക്ക് ഇറങ്ങേണ്ടത് രാഹുലല്ലെന്നും അണികളെ പരോക്ഷമായി വിമര്‍ഷിച്ച് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ബിജെപിയ്ക്ക് കൃത്യമായ തന്ത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് മികച്ച തന്ത്രങ്ങള്‍ മെനയുന്നതില്‍ പരാജയപ്പെട്ടുവെന്നും അഹമ്മദ് പട്ടേല്‍.