പോര് തീരാതെ കോൺഗ്രസ്; പരസ്യ പ്രതികരണം വേണ്ടെന്ന് ഗ്രൂപ്പുകള്‍

തിരുവനന്തപുരം: വിഎം സുധീരന്‍റെ വിമർശനങ്ങൾക്ക് മറുപടി ഉണ്ടെങ്കിലും പാർട്ടിഫോറങ്ങളിൽ പറയുമെന്ന് രമേശ് ചെന്നിത്തല. പരസ്യമായി ഇനി മറുപടി വേണ്ടെന്നാണ് എ ഗ്രൂപ്പിന്റെയും നിലപാട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോൾ കന്റോൺമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. -പാർട്ടി യോഗം ചേർന്ന താൽക്കാലിക വെടിനിർത്തലുണ്ടാക്കുന്ന പതിവ് രീതി പൊളിഞ്ഞ സ്ഥിതിയാണ് സംസ്ഥാന കോൺഗ്രസിൽ. 

അച്ചടക്കത്തിൻറെ വാളിന് പുല്ലുവില പറഞ്ഞ് നേതാക്കളെ സുധീരൻ വെല്ലുവിളിച്ചു. മറുപടി നൽകി എ ഗ്രൂപ്പ് നേതാവ് കെസി ജോസഫ്. പിജെ കുര്യൻ വീണ്ടും ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചു. അതേസമയം വിമർശകർക്കെതിരെ കൂടുതൽ പരസ്യപ്പോര് വേണ്ടെന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകൾ

രാജ്യസഭാ സീറ്റ് കിട്ടാത്തതിനറെ നിരാശയാണ് സുധീരനെന്ന് എ ഗ്രൂപ്പ് കരുതുന്നു. സുധീരന്‍റെ വാർത്താസമ്മേളനത്തിന്റെ വീഡിയോ സഹിതം ഹൈക്കമാൻന്‍റ് കൈമാറിക്കൊണ്ട് ദില്ലി വഴി ഇടപെടലാണ് ഗ്രൂപ്പ് ലക്ഷ്യം. അതേസമയം ഹൈക്കമാന്‍റ് തന്നെ പോം വഴി കണ്ടെത്തണമെന്നാണ് സുധീരന്റെയും നിലപാട്. എല്ലാം മൂന്ന് നേതാക്കൾ തീരുമാനിക്കുന്ന രീതി മാറണമെന്ന പൊതുവികാരമാണ് നേതൃയോഗത്തിൽ ഗ്രൂപ്പിന് അതീതമായി ഉണ്ടായതെന്ന് സുധീരൻ പറയുന്നു. മൂവർസംഘം എല്ലാം തീരുമാനിക്കുന്ന രീതി മാറ്റാനുള്ള തിരുത്തലിനാണ് പരസ്യവിമർശനമെന്നാണ് സുധീരന്റെ വിശദീകരണം.