മടങ്ങിയെത്തിയ നേതാക്കൾ വാർത്താ സമ്മേളനത്തിന് താൽപര്യം അറിയിച്ചെങ്കിലും പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനെകുറിച്ച് വിദേശത്ത് പര്യടനം നടത്തി വിശദീകരിച്ച കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം. പാർട്ടിയെ വെട്ടിലാക്കുന്ന പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കി. മടങ്ങിയെത്തിയ നേതാക്കൾ വാർത്താ സമ്മേളനത്തിന് താൽപര്യം അറിയിച്ചെങ്കിലും നേതൃത്വം പ്രതികരിച്ചില്ല. വിദേശപര്യടനത്തെ കുറിച്ച് ആനന്ദ് ശർമ്മയിൽ നിന്ന് മാത്രം കോൺഗ്രസ് ഹൈക്കമാൻഡ് വിവരങ്ങൾ തേടി. ശശി തരൂർ, മനീഷ് തിവാരി, സൽമാൻ ഖുർഷിദ് എന്നിവരുമായി ബന്ധപ്പെട്ടില്ല. ആനന്ദ് ശർമ്മ മാത്രമായിരുന്നു പാർട്ടി നോമിനി. നേതൃത്വത്തെ നേരിൽ കണ്ട് ആനന്ദ് ശർമ്മ കാര്യങ്ങൾ വിശദീകരിച്ചു
ഓപ്പറേഷൻ സിന്ദൂർ സർവകക്ഷിസംഘത്തെ കണ്ട പ്രധാനമന്ത്രി പാർലമെൻറിൽ ചർച്ചക്ക് തയ്യാറാകുമോയെന്ന് കോൺഗ്രസ് ചോദിച്ചു. സംഘത്തിന്‍റെ റിപ്പോർട്ട് പാർലമെന്‍റില്‍ വയ്ക്കാൻ തയ്യാറാകുമോയെന്നും കാർഗിൽ സമിതിയുടെ മാതൃകയിൽ സമിതി രൂപീകരിച്ച് ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യുമോയെന്നും ജയറാം രമേശ് ചോദിച്ചു.


