സര്‍ക്കാരുണ്ടാക്കാന്‍‍ ഭൂരിപക്ഷം വേണമെന്നോ ഏറ്റവും വലിയ ഒറ്റ കക്ഷി ആകണമെന്നോ നിര്‍ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് തെളിയിച്ച ബിജെപിയുടെ അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പയറ്റുന്നത്.

ദില്ലി: മൂന്ന് വര്‍ഷത്തിനിടെ അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി നടപ്പാക്കിയ തന്ത്രമാണ് ഇപ്പോള്‍ കര്‍‍ണാടകത്തില്‍‍ യെദ്യൂരപ്പയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. മൂന്ന് ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജഗദാംബിക പാലിന്റെ ചരിത്രം യെദ്യൂരപ്പയും ആവര്‍ത്തിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

സര്‍ക്കാരുണ്ടാക്കാന്‍‍ ഭൂരിപക്ഷം വേണമെന്നോ ഏറ്റവും വലിയ ഒറ്റ കക്ഷി ആകണമെന്നോ നിര്‍ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് തെളിയിച്ച ബിജെപിയുടെ അതേ തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പയറ്റുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, ആദ്യതന്ത്രം അരുണാചല്‍ പ്രദേശിലായിരുന്നു. 2014ല്‍ 60 അംഗ നിയമസഭയില്‍ 42 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തിലേറി. എന്നാല്‍ രണ്ട് വര്‍ഷത്തിനകം, മുഖ്യമന്ത്രി പേമ ഖണ്ഡുവടക്കം 41 എംഎല്‍എമാരും ബിജെപിയിലെത്തി. മണിപ്പൂരില്‍ 60ല്‍ 28 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും പക്ഷേ 21 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ 
ക്ഷണിച്ചു. ഗോവയില്‍ കോണ്‍ഗ്രസിന് 17 സീറ്റാണുണ്ടായിരുന്നത്. പക്ഷേ അധികാരത്തില്‍ വന്നത് 13 എംഎല്‍എമാര്‍ മാത്രം സ്വന്തമായുള്ള ബിജെപിയും.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് അധികാരം ഉറപ്പിച്ചു. മേഘാലയത്തിലും നാഗാലാന്‍ഡിലും സാഹചര്യം വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ കര്‍ണ്ണാടകത്തില്‍ ഇതത്ര എളുപ്പമല്ല, ബിജെപിക്ക്. 1998ല്‍ ഉത്തര്‍പ്രദേശില്‍ മായാവതിയുടെ പിന്തുണ നഷ്‌ടപ്പെട്ട കല്യാണ്‍ സിങ് സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിട്ടപ്പോള്‍ വിമതരുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ ജഗദാംബിക പാല്‍ മുഖ്യമന്ത്രിയായി. എന്നാല്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. മന്ത്രിസഭയുട ആയുസ്സ് മൂന്ന് ദിവസം മാത്രമായിരുന്നു. ഇന്നിപ്പോള്‍ യെദ്യൂരപ്പയും മണിക്കൂറുകളുടെ ആയുസ്സുള്ള മുഖ്യമന്ത്രി ആകുമോ എന്നറിയാന്‍ വിധാന്‍ സൗധയിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം.