മുംബെെ: പ്രധാനമന്ത്രിയെ പഠിപ്പില്ലാത്തയാള്‍ എന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍. പ്രധാനമന്ത്രിയുടെ ജീവിതം കാണിക്കുന്ന ഹ്രസ്വചിത്രം മഹാരാഷ്ട്രയിലെ സ്കൂളുകുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപമിന്‍റെ വാക്കുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്.

നിരുപമിനെ മാനസികമായി ക്രമം തെറ്റിയ ആളെന്നാണ് തുടര്‍ന്ന്  ബിജെപി വക്താവ് ഷെെന എന്‍ സി വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ സ്കൂള്‍ ജീവിതം കാണിക്കുന്ന ഹ്രസ്വചിത്രം നിര്‍ബന്ധിതമായി പ്രദര്‍ശിപ്പിക്കുന്നത് തെറ്റാണ്.

രാഷ്ട്രീയത്തില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തണം. മോദിയെ പോലെ നിരക്ഷരനും വിദ്യാഭ്യാസവുമില്ലാത്ത ആളുടെ ചിത്രം കാണിക്കുന്നത് കൊണ്ട് വിദ്യാര്‍ഥികള്‍ എന്ത് പഠിക്കുമെന്നാണ് സഞ്ജയ് നിരുപം ചോദിച്ചത്.

കുട്ടികള്‍ക്കും ജനങ്ങള്‍ക്കും പ്രധാനമന്ത്രിക്ക് എത്ര ബിരുദങ്ങളുണ്ടെന്ന് അറിയില്ല. സംഭവം വിവാദമായതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറയുന്ന ഓരോ വാക്കുകളും ഭരണത്തിലുള്ള പാര്‍ട്ടി എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ബിജെപി നടത്തിയത്. 125 കോടി ഇന്ത്യക്കാരാണ് നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതെന്ന കാര്യം മറക്കരുതെന്ന് ഷെെന എന്‍ സി ട്വീറ്റ് ചെയ്തു.

2019ല്‍ ഇതിനുള്ള മറുപടി ജനങ്ങള്‍ തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഒരു പാര്‍ട്ടിയുടെ പ്രതിനിധി അല്ലെന്നാണ് ബിജെപി എംപി അനില്‍ ഷിറൂള്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ഭരണഘടനയെയും പ്രധാനമന്ത്രി പദത്തെയുമെല്ലാം അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

മഹാരാഷ്ട്രയിലെ സില പരിശദ് സ്കൂളുകളിലാണ് പ്രധാനമന്ത്രിയുടെ ജീവിതം കാണിക്കുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ചലോ ജീത്തേ ഹേ എന്ന ഹ്രസ്വചിത്രമാണ് സെപ്റ്റംബര്‍ 18ന് പ്രദര്‍ശിപ്പിക്കേണ്ടത്.

കുട്ടികളെ പ്രചോദിപ്പിക്കുന്ന ചിത്രമാണ് ഇതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 32 മിനിറ്റ് നീണ്ട ചിത്രം മന്‍ജേഷ് ഹ‍ഡ്‍വാലെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യകാല ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.