ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് മുകളില്‍ പാലഭിഷേകം നടത്തിയിരുന്നു. 

ദില്ലി: മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ പ്രതിമ തലപ്പാവ് ഉപയോ​ഗിച്ച് വൃത്തിയാക്കിയ കോൺ​ഗ്രസ് നേതാവ് വിവാദത്തിൽ. പഞ്ചാബിലെ ലുധിയാനയിലുള്ള കോണ്‍ഗ്രസ് നേതാവ് ഗുര്‍സിമ്രാന്‍ സിങാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. സിഖ് വംശജരാണ് ഗുര്‍സിമ്രാനെതിരെ രംഗത്തെത്തിരിക്കുന്നത് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്യുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് മുകളില്‍ പാലഭിഷേകം നടത്തിയിരുന്നു. തൊട്ടുപിന്നാലെ അകാലിദള്‍ പ്രവര്‍ത്തകര്‍ പ്രതിമയ്ക്ക് മുകളില്‍ കരി ഓയില്‍ ഒഴിച്ചു. ഇതിന് ശേഷമാണ് ഗുര്‍സിമ്രാന്‍ പ്രതിമയ്ക്ക് മുകളില്‍ പാല്‍ ഒഴിക്കുകയും തലപ്പാവ് ഉപയോ​ഗിച്ച് തുടക്കുകയും ചെയ്തത്. പ്രതിമ വൃത്തിയാക്കുന്ന വീഡിയോ ഗുര്‍സിമ്രാന്‍ ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു. ഇതാണ് സിഖ് വംശജരെ ചൊടിപ്പിച്ചതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് .

ഇതേ തുടർന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പിൻവലിപ്പിച്ചെന്നും ഭീഷണിപെടുത്തിയുള്ള ഫോൺ കോളുകൾ നിരന്തരം വരുന്നതായും ഗുര്‍സിമ്രാന്‍ സിങ് പറഞ്ഞു. അതേ സമയം കാനഡയിൽ നിന്നുള്ള ഒരു യുവാവ് ഗുര്‍സിമ്രാനെ കൊലപ്പെടുത്തുന്നവര്‍ക്ക് 1 കോടി രൂപ പരിതോഷികം നൽകുമെന്ന പ്രഖ്യാപനവുമായി വാട്സാപ്പിലൂടെ രം​ഗത്തെത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.