തന്നെ സസ്പെന്‍ഡ് ചെയ്തത് ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് എഐസിസി നോട്ടീസും ലഭിച്ചില്ല. മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്ന നിലയില്‍ ശബരിമലയുമായി ബന്ധപ്പെട്ട സമരം എന്ന നിലയിലാണ് താന്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തത് - ജി.രാമന്‍ നായര്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ജി രാമൻ നായർ ബി ജെ പിയിലേക്ക്. കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായ ജി.രാമൻ നായർ നിലവില്‍ സസ്പെൻഷനിലാണ് . 

ശബരിമല വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തതിനാണ് അദ്ദേഹത്തെ കെപിസിസി സസ്പെൻഡ് ചെയ്തത്. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വവുമായി രാമൻ നായർ ചർച്ച നടത്തിയതായാണ് സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയേക്കും. 

തനിക്കെതിരായ നടപടിയെപ്പറ്റി കോണ്‍ഗ്രസ് ഒരു നിലപാടും അറിയിച്ചിട്ടില്ല. ഞാന്‍ പൊതുപ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നയാളാണ്. ബിജെപിയുടെ ആളുകളുമായി ബന്ധപ്പെടാന്‍ ശബരിമല സമരത്തിനിടെ അവസരം കിട്ടി. ഇവിടെ നില്‍ക്കാന്‍ അവസരം കിട്ടിയില്ലെങ്കില്‍ അവിടേക്ക് പോകാതെ നിവൃത്തിയില്ല. തന്നെ ബിജെപി നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തന്നെ സസ്പെന്‍ഡ് ചെയ്തത് ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് എഐസിസി നോട്ടീസും ലഭിച്ചില്ല. മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്ന നിലയില്‍ ശബരിമലയുമായി ബന്ധപ്പെട്ട സമരം എന്ന നിലയിലാണ് താന്‍ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തത് എന്നും ജി.രാമന്‍ നായര്‍ പറഞ്ഞു. 

രാമന്‍ നായര്‍ ബിജെപിയിലേക്ക് വരുന്ന കാര്യത്തില്‍ ബിജെപിയിലും ചര്‍ച്ചകള്‍ സജീവമാണ്. നാളെ കേരളത്തിലെത്തുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി രാമന്‍ നായര്‍ കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുമായി രാമന്‍ നായര്‍ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നാണ് സൂചന.