ജോലി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എംപി വിന്‍സെന്‍റിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഉടന്‍ തന്നെ വിട്ടയച്ചു.കേസില്‍ മുന്‍ എം.പി പീതാംബരക്കുറുപ്പും പ്രതിയാണ്.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.പി വിന്‍സെന്റിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. മുന്‍ എം.പി എന്‍ പീതാംബരക്കുറുപ്പ് റെയില്‍വ്വേ ബോര്‍ഡ് അംഗമായിരിക്കേ തൃശൂര്‍ സ്വദേശി മണ്ടയന്‍ വീട്ടില്‍ ഷാജന്റെ മകന് സ്‌പോര്‍ട്സ് ക്വാട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് കേസ്. 2013 നവംബറിലായിരുന്നു സംഭവം. അന്ന് ഒല്ലൂര്‍ എം.എല്‍.എയായിരുന്ന എം.പി വിന്‍സെന്‍റ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് പരാതി.

മുന്‍കൂര്‍ ജാമ്യത്തോടെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ വിന്‍സെന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് 50000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. എപ്പോള്‍ ആവശ്യപ്പെട്ടാലും സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. മുന്‍ എം.പി പീതാംബരക്കുറുപ്പ് മൂന്നാം പ്രതിയായ കേസില്‍ രണ്ട് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീതാംബരക്കുറുപ്പിനെയും ഒന്നാം പ്രതി ഷിബു ടി ബാലനെയും ഇനി അറസ്റ്റ് ചെയ്യാനുണ്ട്. ഒന്നാം പ്രതി തന്റെ പേര് പറഞ്ഞ് പണം വാങ്ങുകയായിരുന്നെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നും എം.പി വിന്‍സെന്‍റ് പറഞ്ഞു.