കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തെരുവുഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന പരാമര്‍ശം നടത്തിയ മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് മാപ്പു പറഞ്ഞു.  ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നാരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. അതിനിടെ അതിര്‍ത്തിയില്‍ രണ്ടിടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

എല്ലാ തരം ഭീഷണികളെയും നേരിടാന്‍ ഒരുക്കമാണെന്നും ഇന്ത്യന്‍ സൈന്യം യുദ്ധ സജ്ജമാണെന്നുമുള്ള കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തിനെയാണ് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് വിമര്‍ശിച്ചത്. കരസേനാ മേധാവി തെരുവു ഗുണ്ടയുടെ ഭാഷയാണ് പ്രയോഗിക്കുന്നതെന്നായിരുന്നു ദില്ലി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകന്‍ കൂടിയായ സന്ദീപിന്റെ വിമര്‍ശനം. പരാമര്‍ശം വിവാദമായതോടെ സംസ്കാര ശൂന്യമായ വാക്കുകള്‍ പ്രയോഗിച്ചതിന് സന്ദീപ് ദീക്ഷിത് മാപ്പുപറഞ്ഞു. സേനയെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ബി.ജെ.പി വിമര്‍ശിച്ചു. സന്ദീപ് ദീക്ഷിത്തിന്റേത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. 

അതിനിടെ അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നോരാപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷര്‍ ജെ.പി സിംഗിനെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യയുടേത് മുഷ്യാവകാശ ലംഘനമാണെന്നും അടുത്തിടെ നടന്ന വെടിവയ്പ്പില്‍ മൂന്ന് നാട്ടുകാര്‍ മരിച്ചെന്നുമാണ് പാകിസ്ഥാന്റെ ആരോപണം. രാവിലെ കൃഷ്ണഘാട്ടി, നൗഷേര മേഖലകളില്‍ പാകിസ്ഥാന്‍ വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മു കശ്‍മീരിലെ ഹന്ദ്വാരയില്‍ രണ്ട് ഹിസ്ബുള്‍ ഭീകരരെ അറസ്റ്റ് ചെയ്തു.