അതൃപ്തി അറിയിച്ച് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു കെ മുരളീധരന്റെ തീരുമാനം. എന്നാല്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നേരിട്ട് ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് മുരളി യോഗം തുടങ്ങിയ ശേഷം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയത്. 22 എംഎല്‍എമാരടങ്ങിയ നിയമസഭാ കക്ഷി യോഗം ചേരാനിരിക്കവെ മൂന്ന് നേതാക്കള്‍ മാത്രം യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ ഉപനേതാവിനെയും തെരഞ്ഞടുത്തതിലുള്ള അതൃപ്തിയാണ് കെ മുരളീധരന്‍ അറിയിച്ചത്. നേതൃസ്ഥാനങ്ങള്‍ നേരത്തെ തീരുമാനിച്ചതില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബ്റിയക്കും അതൃപ്തിയുണ്ട്. ഏതെങ്കിലും പുതിയ ആളുകള്‍ വന്നുകൂടെയെന്നു പോലും അദ്ദേഹം യോഗത്തില്‍ ചോദിച്ചതായാണ് വിവരം. തുടര്‍ന്ന് ഐഐസിസി പ്രതിനിധികളായ ദീപക് ബാബ്റിയ, മുകുള്‍ വാസ്നിക്, ഷീലാ ദീക്ഷിത് എന്നിവര്‍ എംഎല്‍എമാരെ പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം തേടുകയാണ്.