ഉത്തർപ്രദേശിൽ സോണിയാഗാന്ധി ഇടപെട്ടാണ് കോൺഗ്രസ്-അഖിലേഷ് സഖ്യം യാഥാർത്ഥ്യമാക്കിയതെങ്കിലും കോൺഗ്രസ് നേതാക്കളെല്ലാം പ്രിയങ്കാഗാന്ധിക്ക് സ്തുതി പാടുകയാണ്. സഖ്യത്തിന്റെ ക്രെഡിറ്റ് പ്രിയങ്കാ ഗാന്ധിക്കാണെന്നാണ് നേതാക്കളെല്ലാം അവനകാശപ്പെടുന്നത്. പാർട്ടിയിൽ രാഹുല്‍ ഗാന്ധിയെ എതിർക്കുന്ന ക്യാംപും പ്രിയങ്കയ്ക്ക് അനുകൂലമായ മാധ്യമവാർത്തകൾ നൽകാൻ രഹസ്യനീക്കം നടത്തുന്നുണ്ട്. ഇതിനിടെ പാർട്ടി നേതാക്കളുടെ മക്കൾക്ക് സീറ്റുനല്‍കിയ ബി.ജെ.പി ഇത് കുടുംബ രാഷ്ട്രീയമല്ലെന്ന് വിശദീകരിക്കാൻ പാടുപെടുകയാണ്.
ഉത്തർപ്രദേശിൽ കോൺഗ്രസ് സഖ്യം, അഖിലേഷ് ഉപേക്ഷിച്ച സമയത്ത് സോണിയാഗാന്ധി നേരിട്ട് ടെലിഫോണിൽ വിളിച്ചാണ് ഇത് സംരക്ഷിച്ചത്. പ്രിയങ്കയുടെ ദൂതൻ ധീരജ് ശ്രീവാസ്തയെ കാണാൻ പോലും അഖിലേഷ് തയ്യാറാകാത്തപ്പോഴായിരുന്നു ഈ ഇടപെടൽ. എങ്കിലും പല മുതിർന്ന നേതാക്കളും പ്രിയങ്കയാണ് സഖ്യത്തിന്റെ ശില്‍പിയെന്ന് മാധ്യമങ്ങളോട് പറയുന്നു. രാഹുൽ പരാജയപ്പെട്ടപ്പോൾ പ്രിയങ്ക വിജയിച്ചു എന്ന് വാർത്തകളിൽ വരുത്താനും എ.ഐ.സി.സി ആസ്ഥാനത്ത് ചിലർ കരുക്കൾ നീക്കുന്നു. രാഹുലിന്റെ ടീമിൽ അധികാരം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ചില മുതിർന്ന നേതാക്കളാണ് ഇതിന് പിന്നിൽ. സത്യം എന്തെന്ന് അറിയാൻ കാത്തിരിക്കണമെങ്കിലും പ്രിയങ്ക പ്രചരണത്തിന്റെ മാനേജരാകും എന്നാണ് ഈ നേതാക്കൾ നല്കുന്ന സൂചന. എന്നാല്‍ കോൺഗ്രസിന്റ കുടുംബരാഷ്ട്രീയത്തിനെതിരെ ഇത് ബിജെപി ആയുധമാക്കുകയാണ്.
അതേസമയം കുടുംബരാഷ്ട്രീയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ വഴങ്ങിയത് എന്നാൽ ബി.ജെ.പിയേയും പ്രതിരോധത്തിലാക്കുന്നു. രാജ്നാഥ് സിംഗിന്റെ മകൻ പങ്കജ് സിംഗിനു പുറമെ ലാല്‍ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകൻ സിദ്ധാർത്ഥ് നാഥ് സിംഗ്, ബി.ജെ.പി എം.പി ഹുക്കും സിംഗിന്റ മകൾ മ്രിഗംഗ, ലാൽജി ടണ്ടന്റെ മകൻ ഗോപാൽ ടണ്ടൻ തുടങ്ങിയവർക്കൊക്കെ ബി.ജെ.പി സീറ്റു നല്‍കിയിട്ടുണ്ട്.
