ശബരിമലയിൽ പോലീസ് രാജ് ആണ് നടപ്പാക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍.

നിലയ്ക്കല്‍: തീര്‍ത്ഥാടകരുടെ പ്രശ്നങ്ങളും അടിസ്ഥാനസൗകര്യങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിലയ്ക്കലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വിഎസ് ശിവകുമാർ എന്നിവരാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം എത്തിയിരിക്കുന്നത്. നിലക്കലും പമ്പയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേതാക്കള്‍ വിലയിരുത്തും. നിലയ്ക്കലില്‍ നിന്ന് നേതാക്കള്‍ പമ്പയിലേക്ക് തിരിച്ചിരിക്കുകയാണ്. 

നിലയ്ക്കലിലെ ഒരുക്കങ്ങൾ അപൂർണമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ഇതുവരെ ഒരു സൗകര്യവും ഭക്തർക്കായി ഒരുക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് നിയമസഭയിൽ ജനങ്ങളുടെ മുന്നിലെത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമില്ല. പൊലീസുകാരുടെ സ്ഥിതി അതിനേക്കാള്‍ ദയനീയം. ചെയ്യേണ്ടിയിരുന്ന നടപടികള്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.