ദില്ലി: ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റിനായി ഇടതുപക്ഷം നീക്കം നടത്തിയാൽ പിന്തുണക്കാൻ കോണ്‍ഗ്രസിൽ ധാരണ. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ഇംപീച്ച്മെന്റിന് ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് വ്യക്മാക്കുന്നത്. സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾ അട്ടിമറിക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉയര്‍ത്തിയ പരാതി.
ഇതോടൊപ്പം മെഡിക്കൽ കോഴ വിവാദത്തിലും ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുണ്ട്. ഇക്കാര്യങ്ങളിൽ പ്രശ്നപരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്‍റിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ യെച്ചൂരി പ്രതിപക്ഷ പാര്‍ടികളുമായി ഒരുവട്ടം ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നാണ് സൂചന. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ചമെന്‍റ് നീക്കം ഉണ്ടായാൽ പിന്തുണക്കാനാണ് കോണ്‍ഗ്രസിൽ ഉണ്ടായിരിക്കുന്ന ധാരണ.
സിബിഐ കോടതി ജഡ്ജി ലോയയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പിന്തുണച്ചാൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാകും. 50 അംഗങ്ങളുടെ പിന്തുണ മതി രാജ്യസഭയിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ.
എന്നാൽ ലോക്സഭയിൽ അതിന് പ്രതിപക്ഷത്തിന് സാധിക്കില്ല. അതേസമയം ഇംപീച്ച്മെന്റ് പാസായില്ലെങ്കിലും അതിനായി പ്രമേയം കൊണ്ടുവന്നാൽ തന്നെ അത് ചീഫ് ജസ്റ്റിസിന് ആ സ്ഥാനത്ത് തുടരുന്നതിന് സാങ്കേതികമായി അല്ലെങ്കിലും ധാര്‍മ്മികമായി വലിയ പ്രതിസന്ധിയുണ്ടാക്കും.
