മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രാധയെ ഫോണിൽ വിളിച്ചു വിവരങ്ങൾ ആരാഞ്ഞു.
കാസർകോട് : ഊര് വിലക്ക് കൽപ്പിച്ച കയ്യൂർ സമര സേനാനിയുടെ മകളെ കോൺഗ്രസ് നേതൃത്വം സംരക്ഷിക്കും. സി.പി.എം പ്രാദേശിക നേതൃത്വം ഊര് വിലക്കിയ നീലേശ്വരം പാലായിലെ എം.കെ രാധാമണിക്കാണ് പൂർണ്ണ സംരക്ഷണം വാഗ്ദാനം നൽകി കാസർകോട് ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയത്.
പാർട്ടി ആക്രമണം ഭയന്ന് വെള്ളച്ചാലിലിലെ മകളുടെ വീട്ടിൽ കഴിയുന്ന രാധ പാർട്ടിയിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ വിവരിച്ചു. നീലേശ്വരം പാലായിയിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കോടതി വിലക്ക് ലംഘിച്ച് രാധയുടെ പറമ്പിലെ തെങ്ങും കവുങ്ങും പാർട്ടി നേതാക്കൾ വെട്ടിമാറ്റിയതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് തന്നെ ഊര് വിലക്കുന്നതിലേക്കെത്തിച്ചതെന്ന് രാധാമണി കോൺഗ്രസ് നേതാക്കളോട് പറഞ്ഞു.
രാധയുടെ കുടുംബം സമ്മതിക്കുകയാണെങ്കിൽ വിഷയം ഏറ്റെടുത്ത് അവർക്ക് നീതി കിട്ടുംവരെ പോരാടുമെന്നും അവർക്ക് വേണ്ടപൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നിൽ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. ഇതിനിടെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രാധയെ ഫോണിൽ വിളിച്ചു വിവരങ്ങൾ ആരാഞ്ഞു.
1998-ല്‍ പാലായി പാലാക്കൊഴുവല്‍ ക്ഷേത്രത്തിന് വേണ്ടി പൂരക്കളി നടത്താന്‍ 4.75 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. സ്വര്‍ണ്ണപ്രശ്‌നം നടത്തി പൂരക്കളി നടത്താന്‍ അനുയോജ്യമല്ലെന്നും പഴയ സ്ഥലം തിരികെ നല്‍കാമെന്നും പറഞ്ഞ് സമ്മര്‍ദ്ദം ഉപയോഗിച്ച് രണ്ടാമതും 4.75 സ്ഥലം വാങ്ങി. ആദ്യം വാങ്ങിയ സ്ഥലം തിരികെ നല്‍കാതെ 18 വര്‍ഷമായി ക്ഷേത്രകമ്മിറ്റിക്കാര്‍ കബളിപ്പിച്ചുകൊണ്ടിരിക്കുന്നതായി രാധാമണി ആരോപിച്ചിരുന്നു. ഫലത്തില്‍ 9.30 സെന്റ് സ്ഥലം അവര്‍ കൈക്കലാക്കി. പുതിയ റോഡിന് വേണ്ടി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ 11 മീറ്റര്‍ കയറ്റി തങ്ങളുടെ പറമ്പില്‍ റോഡിനായി കുറ്റിയടിച്ചത് തെറ്റാണെന്ന് സ്ഥലം സന്ദര്‍ശിച്ച കരുണാകരന്‍ എം.പിയും കെ. കുഞ്ഞിരാമന്‍ എം.എല്‍.എയും അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ആലോചനാ യോഗത്തില്‍ പ്രദേശിക സിപിഎം നേതാക്കള്‍ പരാതിക്കാരിയെ പങ്കെടുപ്പിച്ചില്ല.
പരാതിക്കാരയെ വീട്ടിനുള്ളില്‍ അടച്ചുപൂട്ടി ക്ഷേത്ര സ്ഥലത്ത് റോഡ് നിര്‍മ്മിക്കുന്നെന്ന പ്രചരണം നടത്തിയാണ് തെങ്ങും കവുങ്ങും മുറിച്ചുമാറ്റി റോഡ് വെട്ടിയത്. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അയല്‍വാസിയുടെ വാഹനം ചെങ്കല്‍ ഇട്ട് അന്ന് തകര്‍ത്തിരുന്നു. വീട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞുവെക്കുന്നതും പതിവാണ്.
കയ്യൂർ സമര സേനാനി എലച്ചി കണ്ണന്‍റെ പൗത്രിയും കയ്യൂർ സമരത്തിൽ എം.എസ്.പി.കാരുടെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയിട്ടും സാതന്ത്രസമര പെൻഷൻ വേണ്ടെന്ന് പ്രഖ്യാപിച്ച പി.പി.കുമാരന്‍റെ മകളുമാണ് രാധ.
ഇവരുടെ പെൺമക്കളെയും പാർട്ടിക്കാർ പുലഭ്യം പറഞ്ഞ് ആധിക്ഷേപിക്കാറുണ്ടെന്നും രാധ പറഞ്ഞു. പാർട്ടി നേതാക്കളുടെ ഇടപെടൽ മൂലം പോലീസിൽ നിന്നും ഇതുവരെ നീതി ലഭിച്ചിട്ടില്ല. പാലായിലെ വീട്ടിലെ കിണർ വെള്ളത്തിൽ മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങൾ തള്ളിയിരുന്നു. വീടിന്‍റെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രാദേശിക നേതൃത്വത്തിന് നേരെ തിരിഞ്ഞിട്ടുണ്ട്.
