ബിജെപിയെ മാറ്റി നിർത്താന്‍ മഹാസഖ്യവുമായി മറ്റ് എല്ലാ പാര്‍ട്ടികളും ഒന്നിക്കുന്ന സാഹചര്യമാണ് ജമ്മു കാശ്മീരില്‍ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടികള്‍ രൂപീകരിച്ച കാലം മുതല്‍ ബദ്ധവൈരികളാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും

ദില്ലി: ബി.ജെ.പിക്കെതിരെ ജമ്മു-കശ്മീരിൽ മഹാസഖ്യം. പിഡിപി, നാഷണൽ കോണ്‍ഫറൻസ്, കോണ്‍ഗ്രസ് പാര്‍ടികൾ കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാൻ ധാരണയായി. പിഡിപിയുടെ അൽത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകും. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അസാധാരണ രാഷ്ട്രീയ നീക്കത്തിനാണ് ജമ്മുകശ്മീര്‍ സാക്ഷിയാകുന്നത്. ബദ്ധവൈരികളായ പിഡിപിയും നാഷണൽ കോണ്‍ഫറൻസും കോണ്‍ഗ്രസ് സഹകരണത്തോടെ ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നു. 

മൂന്ന് പാര്‍ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാൻ ഗവര്‍ണര്‍ സത്യപാൽ മാലികിനെ കണ്ട് അവകാശ വാദം ഉന്നയിച്ചു. പ്രമുഖ വ്യവസായികൂടിയായ പിഡിപി നേതാവ് അൽത്താഫ് ബുക്കാരിയെ മുഖ്യമന്ത്രിയാക്കാനും ധാരണയായി. 87 അംഗ ജമ്മുകശ്മീര്‍ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. പിഡിപിയും, നാഷണൽ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേരുമ്പോൾ 55 അംഗങ്ങളുടെ പിന്തുണയാകും. ബി.ജെ.പിക്ക് 25 അംഗങ്ങൾ മാത്രമേ ഉള്ളു. ബിജെപിക്കെതിരെയുള്ള സഖ്യസര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിയാകുന്ന അൽത്താഫ് ബുക്കാരി സ്ഥിരീകരിച്ചു. 

ഈദ് ദിനത്തിലെ വെടിനിര്‍ത്തൽ പിൻവലിച്ച കേന്ദ്ര തീരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തോടെയാണ് കഴിഞ്ഞ ജൂണിൽ ബിജെപി-പിഡിപി സര്‍ക്കാര്‍ നിലംപതിച്ചത്. ബിജെപി പിന്തുണ പിൻവലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെക്കുകയായിരുന്നു. ഇതോടെ നിലവിൽ വന്ന ഗവര്‍ണര്‍ ഭരണം ആറാം മാസത്തിലേക്ക് കടക്കുമ്പോഴാണ് നിര്‍ണായക രാഷ്ട്രീയ നീക്കം ഉണ്ടായത്. 

ഗവര്‍ണര്‍ ഭരണം ആറുമാസം പൂര്‍ത്തിയാക്കിയാൽ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നിലവിൽ വരും. അതിനായി കേന്ദ്രം നടത്തിയ നീക്കം കൂടിയാണ് കോണ്‍ഗ്രസ്-എൻസി-പിഡിപി ധാരണയോടെ തകര്‍ന്നത്. പാക്കിസ്ഥാനുമായി ചേര്‍ന്നുള്ള കോണ്‍ഗ്രസ്-പിഡിപി ഗൂഡാലോചനയാണ് സഖ്യനീക്കമെന്ന് ബി.ജെ.പി പ്രതികരിച്ചു.