ദില്ലി: കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ അഭിപ്രായ ഭിന്നത തുടരുന്നു. സമവായം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ വിജയിച്ചില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. യെച്ചൂരിയുടെയും കാരാട്ടിന്റെയും രേഖകള്‍ സിസി അംഗങ്ങള്‍ക്ക് നല്‍കി.

സിപിഎം 22 -ാം പാര്‍ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം തയ്യാറാക്കാന്‍ ഈ മാസം 19 മുതലാണ് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം കൊല്‍ക്കത്തയില്‍ ചേരുന്നത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തര്‍ക്കത്തിനൊടുവില്‍ യെച്ചൂരിയുടെയും കാരാട്ടിന്റെയും രേഖകള്‍ പരിഗണിച്ച് ഒറ്റ രേഖയാക്കാനുള്ള നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. എന്നാല്‍ പോളിറ്റ് ബ്യൂറോക്ക് അഭിപ്രായ ഐക്യം ഉണ്ടാക്കാനായില്ല. 

കോണ്‍ഗ്രസുമായി ഭാവിയിലെ സഖ്യമെന്തായിരിക്കും എന്നതിനെ ചൊല്ലിയാണ് പ്രധാന അഭിപ്രായ വ്യത്യാസം. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ബൂര്‍ഷ്വാ പാര്‍ടികളുമായി സഖ്യമോ മുന്നണിയോ വേണ്ടോന്ന് യെച്ചൂരിയുടെ രേഖ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ 2004 മാതൃകയില്‍ കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണക്കാനുള്ള സാധ്യത ഈ രേഖ തുറന്നിടുന്നു. അതേസമയം കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ പാടില്ലെന്ന് മാത്രമല്ല രാഷ്ട്രീയ ധാരണയും വേണ്ടെന്ന് കാരാട്ട് മുന്നോട്ടുവെച്ച പിബി ഭൂരിപക്ഷ രേഖ പറയുന്നു. 

മുഖ്യശത്രു ബി.ജെ.പിയാണെന്നും സമദൂരമല്ല പാര്‍ട്ടിയുടെ നിലപാടെന്നും ഒരഭിമുഖത്തില്‍ അടുത്തിടെ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് യെച്ചൂരിയെ അനുകൂലിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. ധാരണ ഉണ്ടാകാത്തതിനെ തുടര്‍ന്ന് രണ്ട് രേഖകളും കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. ഇതോടെ കൊല്‍ക്കത്തിയല്‍ നടക്കുന്ന സിസി യോഗം കടുത്ത വാഗ്വാദത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.