യെദ്യൂരപ്പ രാജിക്ക് ഒരുങ്ങുന്നതായി വിവരം   യെദ്യൂരപ്പയുടെ മകനെതിരെയും കോണ്‍ഗ്രസ് ഓഡിയോ ടേപ്പ് പുറത്തുവിട്ടു

കര്‍ണാടക വിശ്വാസ വോട്ടെടുപ്പ് നാടകീയാന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്‌ക്കെതിരെയും ഓഡിയോ ടേപ്പ് തെളിവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എ ബി.സി.പാട്ടീലിനെ ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഫോണ്‍കോളാണ് ഓഡിയോ ടേപ്പിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഫോണ്‍കോളെന്ന് കരുതപ്പെടുന്ന ഓഡിയോ ടേപ്പില്‍ ബി.സി.പാട്ടീലിനോട് മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം കര്‍ണാടകയ്ക്ക് പുറത്തേക്ക് പോകരുതെന്ന അഭ്യര്‍ത്ഥനയുണ്ട്. കൊച്ചിയിലേക്ക് പോകാതെ തിരിച്ചുവരണമെന്നും മന്ത്രിസ്ഥാനവും മറ്റ് സഹായങ്ങളും നല്‍കാമെന്നും കോണ്‍ഗ്രസ് പുറത്തുവിട്ട ടേപ്പിലുണ്ട്.

യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്‌ക്കെതിരെയും കോണ്‍ഗ്രസ് നേരത്തേ ഓഡിയോ ടേപ്പ് പുറത്തുവിട്ടിരുന്നു. കൂറുമാറ്റത്തിനായി കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാരെ വിജയേന്ദ്ര വിളിച്ചതായാണ് ആരോപണം. ഓരോരുത്തര്‍ക്കും 15 കോടി വീതമാണ് വാഗ്ദാനം ചെയ്തതെന്നും.

വാല്‍മീകി സമുദായത്തിലെ പ്രധാന നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ബസന്‍ഗൗഡ ദദ്ദാലിനെയും ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയാണ് ദദ്ദാലിനെ ബന്ധപ്പെട്ടതെന്ന് ആരോപിച്ച് ആ ഫോണ്‍കോളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.