മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്നോടിയായാണ് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വ്യത്യസ്ഥമായ ചട്ടം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയ മാനദണ്ഡമാക്കുമെന്നായിരുന്നു പാര്‍ട്ടി സര്‍ക്കുലറിലൂടെ പ്രഖ്യാപിച്ചത്

ദില്ലി: സ്ഥാനാര്‍ഥിയാകാന്‍ ഫേസ്ബുക്ക് പേജിലെ ലൈക്കും ഫോളോവേഴ്സും മാനദണ്ഡമാക്കിയ മധ്യപ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം രാജ്യമാകെ ചര്‍ച്ചയായിരുന്നു. വിവാജം കനത്തതോടെ കോണ്‍ഗ്രസ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് തടിയൂരി.

മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്നോടിയായാണ് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വ്യത്യസ്ഥമായ ചട്ടം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയ മാനദണ്ഡമാക്കുമെന്നായിരുന്നു പാര്‍ട്ടി സര്‍ക്കുലറിലൂടെ പ്രഖ്യാപിച്ചത്.

ഫേസ്ബുക്കില്‍ കുറഞ്ഞത് 15,000 ലൈക്കുകള്‍ കിട്ടിയിരിക്കണം എന്നതാണ് പ്രധാന മാനദണ്ഡം. ഇത് ട്വിറ്ററിന്‍റെ കാര്യത്തിലാണെങ്കില്‍ 5000 ഫോളോവേഴ്‌സ് എങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ എല്ലാ വാര്‍ത്തകളും റീട്വീറ്റ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ വേണം. 
അസംബ്ലി തിരഞ്ഞെടുപ്പിന് ടിക്കറ്റ് പരിഗണിക്കണമെങ്കില്‍ ഈ മാസം 15ന് മുമ്പ് അവര്‍ കൈകാര്യം ചെയ്യുന്ന സോഷ്യല്‍ മീഡിയയുടെ വിശദവിവരം പാര്‍ട്ടിക്ക് കൈമാറണമെന്നും അറിയിപ്പിലുണ്ടായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. സോഷ്യല്‍ മീഡിയയില്‍ മധ്യപ്രദേശിലെ പാര്‍ട്ടിയുടെ ഇടപെടല്‍ മോശമാണെന്ന് കാട്ടി ഐടി സെല്ലിന്റെ തലവനെ അടുത്തിടെ മാറ്റിയിരുന്നു. ധര്‍മേന്ദ്ര വാജ്പേയിക്ക് പകരം ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം കൊടുത്ത അഭയ് തിവാരിയെത്തിയതോടെയാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.