ജയനഗറിലെ ഫലം കൂടി പുറത്തുവന്നതോടെ നിയമസഭയിൽ കോൺഗ്രസ് - ജനതാദൾ സഖ്യത്തിന് 118 പേരുടെ പിന്തുണയായി.

ബംഗളുരു: കർണാടകത്തിലെ ജയനഗർ നിയമസഭാ മണ്ഡലം ബി.ജെ.പിയിൽ നിന്ന് കോൺഗ്രസ് - ജനതാദൾ സഖ്യം പിടിച്ചെടുത്തു. 2889 വോട്ടിന് കോൺഗ്രസ് സ്ഥനാർത്ഥി സൗമ്യ റെഡ്ഡിയാണ് വിജയിച്ചത്. മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. സംസ്ഥാനത്ത് സഖ്യസർക്കാരുണ്ടാക്കിയ ശേഷം കോൺഗ്രസ് ദൾ സഖ്യം നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരുന്നു ജയനഗറിലേത്. 

ജയനഗറിലെ ഫലം കൂടി പുറത്തുവന്നതോടെ നിയമസഭയിൽ കോൺഗ്രസ് - ജനതാദൾ സഖ്യത്തിന് 118 പേരുടെ പിന്തുണയായി. ബിജെപി സ്ഥാനാർത്ഥിയും സിറ്റിങ് എം.എൽ.എയുമായിരുന്നു ബി.എൻ വിജയകുമാറിന്‍റെ മരണത്തെത്തുടർന്നാണ് ജയനഗറിലെ തെരഞ്ഞടുപ്പ് മാറ്റിവച്ചിരുന്നത്. വിജയകുമാറിന്‍റെ സഹോദരനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. കോൺഗ്രസ് എം.എൽ.എ വാഹനാപകടത്തിൽ മരിച്ച ജമഗണ്ഡി മണ്ഡലത്തിൽകൂടി ഇനി തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.