ദില്ലി: ഹരിയാനയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പു വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന്റെ 14 വോട്ടുകള്‍ അസാധുവായിതിനു പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയാണെന്നു കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ ആരോപിച്ചു. കര്‍ണാടകത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യാത്ത എട്ടു വിമത എംഎല്‍എ മാരെ ജെഡിഎസ് സംസ്ഥാന നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.

ഹരിയാനയില്‍ ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ചൗധരി ബിരേന്ദ്രസിംഗും ബിജെപി പിന്തുണയോടെ മത്സരിച്ച സുഭാഷ് ചന്ദ്രയുമാണു വിജയിച്ചത്. 14 കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവായതുകാരണം പാര്‍ട്ടി പിന്താങ്ങിയ ഐഎന്‍എല്‍ഡി സ്ഥാനാര്‍ഥി ആര്‍.കെ ആനന്ദ് തോറ്റു. കോണ്‍ഗ്രസിലെ ഭൂപീന്ദര്‍ സിംഗ് ഹൂഡ പക്ഷം വിമത ശബ്ദമുയര്‍ത്തിയ തെരഞ്ഞെടുപ്പില്‍, തെറ്റായ മഷി പേന ഉപയോഗിച്ചതിനാലാണു കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയത്. വോട്ട് അസാധുവായതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നു ഹൂഡ ആരോപിച്ചു.

എന്നാല്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോരാണു തോല്‍വിക്കു കാരണമെന്നും, ഹൂഡയും അനുയായികളും മനഃപ്പൂര്‍വ്വം വോട്ട് അസാധുവാക്കുകയായിരുന്നുവെന്നും ഐഎന്‍എല്‍ഡി ആരോപിച്ചു. ഇതിനിടെ കര്‍ണാടകത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ബി.എം ഫാറൂഖിനു വോട്ട് ചെയ്യാത്ത എട്ടു വിമത എംഎല്‍എമാരെ ജെഡിഎസ് സംസ്ഥാന നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.

പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി വ്യവസായിയായ ബി.എം. ഫാറൂക്കിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധവുമായെത്തിയ സമീര്‍ അഹമ്മദ് ഉള്‍പ്പടെയുള്ളവരെയാണു സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ നേതൃത്വത്തിന് പിന്തുണയുമായി പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ വിമത എംഎല്‍എമാരുടെ കോലം കത്തിച്ചു.