'എവിടെയെല്ലാം അലഞ്ഞുതിരിഞ്ഞാണ് പശുക്കള്‍ ഭക്ഷണം കണ്ടെത്തുന്നത്. ബിജെപി എന്താണ് അവര്‍ക്ക് വേണ്ടി ചെയ്തത്? ഞങ്ങളെ അധികാരത്തിലെത്തിച്ചാല്‍ എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ പശുക്കള്‍ക്കായി ഗോശാലകള്‍ നിര്‍മ്മിക്കും'
മധ്യപ്രദേശ്: തെരഞ്ഞെടുപ്പ് നേരിടാനിരിക്കെ സംസ്ഥാനത്ത് പശു രാഷ്ട്രീയം പറഞ്ഞ് കോണ്‍ഗ്രസും രംഗത്ത്. ബിജെപിയുടെ ഗോമാതാ സ്‌നേഹത്തെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് അടിത്തറയിടാന്‍ പശു രാഷ്ട്രീയത്തെ കൂട്ട് പിടിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കമല്‍നാഥാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. ഗഞ്ച് ബസോഡയില്‍ നടന്ന പാര്‍ട്ടി റാലിക്കിടെയാണ് ബിജെപിയെ കമല്‍ നാഥ് കടന്നാക്രമിച്ചത്. ഗോമാതാ എന്ന് പറഞ്ഞ് നടക്കുന്നുവെന്നല്ലാതെ ബിജെപി, പശുക്കള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് കമല്‍ നാഥ് ചോദിച്ചു.
'എവിടെയെല്ലാം അലഞ്ഞുതിരിഞ്ഞാണ് പശുക്കള്‍ ഭക്ഷണം കണ്ടെത്തുന്നത്. ബിജെപി എന്താണ് അവര്‍ക്ക് വേണ്ടി ചെയ്തത്? ഞങ്ങളെ അധികാരത്തിലെത്തിച്ചാല്‍ എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ പശുക്കള്‍ക്കായി ഗോശാലകള്‍ നിര്‍മ്മിക്കും. ഇത് കോണ്‍ഗ്രസിന്റെ വാഗ്ദാനമാണ്.'- കമല്‍ നാഥ് പറഞ്ഞു.
തെരുവില്‍ അലഞ്ഞുനടക്കുന്ന പശുക്കളുടെ കാര്യമാണ് പാര്‍ട്ടി സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓജെ പറഞ്ഞു. 'ഗോമാതാവിന്റെ അവസ്ഥയൊന്ന് നോക്കൂ, പലപ്പോഴും മാലിന്യവും പ്ലാസ്റ്റിക്കുമാണ് അവര്‍ കഴിക്കുന്നത്' ശോഭ ഓജെ ആരോപിച്ചു.
അതേസമയം കോണ്‍ഗ്രസിന്റെ പുതിയ ചുവടുവയ്പിനെ ശക്തമായി എതിര്‍ക്കുകയാണ് ബിജെപി. ഗോമാതാവിനെ ഇപ്പോഴെങ്കിലും കോണ്‍ഗ്രസ് ഓര്‍ത്തത് നന്നായെന്ന് ബിജെപി നേതാവ് ഡോ.ഹിതേഷ് ബാജ്‌പേയ് പറഞ്ഞു. ബീഫ് പാര്‍ട്ടികള്‍ നടത്തിയവരാണ് കോണ്‍ഗ്രസെന്നും, പശുവിന്റെ സാമൂഹിക പ്രാധാന്യത്തെപ്പറ്റി കോണ്‍ഗ്രസിന് യാതൊരു ധാരണയുമില്ലെന്നും ഹിതേഷ് ആരോപിച്ചു.
ആകെ 90 ലക്ഷം പശുക്കള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഒന്നര ലക്ഷം പശുക്കളെ മാത്രമേ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ പരിപാലിക്കുന്നുള്ളൂ.
