തിരുവനന്തപുരം: എന്‍.ഡി.എയില്‍ അതൃപ്തരായ ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേയ്‌ക്ക് ക്ഷണിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. അതേസമയം, ബി.ഡി.ജെ.എസ് ബന്ധത്തെ എന്തു വില കൊടുത്തും എതിര്‍ക്കാന്‍ ഒരു കൂട്ടം നേതാക്കള്‍ നിലപാട് എടുത്തതോടെ ഇക്കാര്യം കോണ്‍ഗ്രസില്‍ വലിയ തര്‍ക്കത്തിന് ഇടയാക്കും..

വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ പോലും ബി.ജെ.പി നല്‍കിയില്ലെന്നും മന്ത്രിസഭാ പുനസംഘടനയില്‍ പരിഗണിച്ചില്ലെന്നുമാണ് എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസിന്റെ പ്രധാന പരാതി. ഈ സാഹചര്യത്തിലാണ് യു.ഡി.എഫിനോട് സഹകരിക്കാന്‍ ബി.ഡി.ജെ.എസിനെ കെ.പി.സി.സി നേതൃത്വം വിളിക്കുന്നത്. ബി.ഡി.ജെ.എസ്-എന്‍.ഡി.എ വിട്ടിറങ്ങുന്നതോടെ ബി.ജെ.പി പ്രതിരോധത്തിലാകുമെന്ന കണക്കുകൂട്ടലിലാണിത്.

അതേസമയം, ബി.ഡി.ജെ.എസ് സഹകരണത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ട്. ബിഡിജെഎസിനെ സഹകരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ കരുതുന്നു. എന്നാല്‍ വി.എം സുധീരന്‍, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ബി.ഡി.ജെ.എസ് വിരുദ്ധരാണ്. ബി.ഡി.ജെ.എസ് ബന്ധം ദോഷമേ ഉണ്ടാക്കൂവെന്നാണ് ഇവരുടെ പക്ഷം.

മറ്റൊരിടവുമില്ലാത്തവര്‍ക്ക് വരാനുള്ള സത്രമല്ല യു.ഡി.എഫെന്നാണ് ഒരു നേതാവിന്റെ പ്രതികരണം.നേരത്തെ സമാനമായ പ്രസ്താവന ഹസന്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസിലെ ബി.ഡി.ജെ.എസ് വിരുദ്ധര്‍ അതിനെ എതിര്‍ത്തിരുന്നു.