ജയ്പുര്‍:രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മൂന്ന് സിറ്റിംഗ് സിറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസിന്റെ മുന്നേറ്റം. അജ്മീര്‍, ആല്‍വാര്‍ ലോക്‌സഭകളിലേക്കും മണ്ഡല്‍ഗഢ് നിയമസഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് പാര്‍ട്ടി മികച്ച വിജയം നേടിയത്. 

2014-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒരൊറ്റ ലോക്‌സഭാ സീറ്റ് പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. വിജയം പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്കുള്ള സമ്മാനമാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയം ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിടാന്‍ പോകുന്ന പതനത്തിന്റെ സൂചനയാണെന്നും ഗെലോട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ആല്‍വര്‍ സീറ്റ് 1.9 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനും അജ്മീര്‍ 80000 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമാണ് കോണ്‍ഗ്രസ് വിജയിച്ചത്. മണ്ഡല്‍ഗഢ് നിയമസഭാ സീറ്റില്‍ 13,000 വോട്ടുകള്‍ക്കായിരുന്നു പാര്‍ട്ടിയുടെ വിജയം. 

ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായിട്ടുണ്ട്. പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും മുന്‍മുഖ്യമന്ത്രി അശോക് ഗെലോട്ടും ചേര്‍ന്നുള്ള പാര്‍ട്ടിയുടെ നിലവിലെ മുന്നേറ്റത്തിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പത്മാവത് വിഷയത്തില്‍ കര്‍ണിസേന ബിജെപിയ്‌ക്കെതിരെ തിരിഞ്ഞതും കോണ്‍ഗ്രസിന് തുണയായി.