ലുധിയാന: ബിജെപിയിലെ വിനോദ് ഖന്നയുടെ മരണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭ മണ്ഡ‍ലം കോൺഗ്രസ് തിരിച്ച് പിടിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന കോൺഗ്രസിലെ സുനിൽ കുമാര്‍ ജാഖറിന്റെ വിജയം.

ബിജെപി സ്ഥാനാർത്ഥിയും വ്യവസായിയുമായ സ്വരൺ സലേറിയ ബഹുദൂരം പിന്നിലാക്കിയാണ് മുൻ പ്രതിപക്ഷ നേതാവും പഞ്ചാബ് പിസിസി അധ്യക്ഷനുമായ സുനിൽ കുമാര്‍ ജാഖര്‍ ഗുരുദാസ്പൂര്‍ തിരിച്ച് പിടിച്ചത്. 2014ൽ ഒരു ലക്ഷത്തി 36,000 ആയിരുന്നു വിനോദ് ഖന്നയുടെ ഭൂരിപക്ഷം. ലോക്സഭാ മുൻ സ്പീക്കർ ബൽറാം ജാഖറിന്റെ മകനാണ് സുനിൽ. ആംആദ്മി പാര്‍ട്ടിയുടെ മുൻ മേജര്‍ ജനറൽ സുരേഷ് കുമാര്‍ ഖജുരിയയാണ് മൂന്നാം സ്ഥാനത്ത്. നരേന്ദ്രമോദി സര്‍ക്കാരിനെ ജനങ്ങൾ വെറുത്ത് തുടങ്ങിയെന്നതിന്റെ ശക്തമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു സുനിൽ ജാഖറിന്റെ പ്രതികരണം.

നാല് തവണ വിനോദ് ഖന്നയിലൂടെ കയ്യടക്കിവച്ച മണ്ഡലം കൂടി നേടിയതോടെ പഞ്ചാബിൽ കോൺഗ്രസിന് അകാലിദളിനു ആം ആദ്മി പാര്‍ട്ടിക്കും ഒപ്പം നാല് എംപിമാരായി. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം 46 ആയി ഉയര്‍ന്നു. വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ബിജെപിയിൽ നിന്ന് തന്നെ ആവശ്യമുയര്‍ന്നെങ്കിലും യോഗ ഗുരു ബാബ രാംദേവിന്‍റെ നോമിനിയായാണ് സ്വരൻ സലേറിയയെ സ്ഥാനാര്‍ത്ഥിയാക്കിയത്. സര്‍ക്കാര്‍ രൂപീകരിച്ച് ആറ് മാസത്തിനകം നടന്ന ഉപതെര‌ഞ്ഞെടുപ്പിലൂടെ ഗുരുദാസ്പൂര്‍ തിരിച്ച് പിടിക്കാനായത് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനും നേട്ടമായി.

രാഹുൽ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കാൻ ഒരുങ്ങുന്ന കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നതാണ് ഗുരുദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം.