ദില്ലി: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീംകോടതി. ചൊവ്വാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസ വോട്ട് നടപടികള്‍ നിരീക്ഷിക്കാന്‍ കോടതി നിയോഗിച്ച നിരീക്ഷകന്റെയും സ്പീക്കറുടെയും റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളും കോടതി പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് ശേഷമാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
ഉത്തരാഖണ്ഡിലെ രാഷ്ട്രപടി ഭരണം പിന്‍വലിക്കാന്‍ തയാറാണെന്ന് കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയാണ് കേന്ദ്രത്തിന്റെ നിലപാട് കോടതിയെ അറിയിച്ചത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിനുശേഷം റാവത്തിന് ഭറമം തുടരാമെന്നും സുപ്രീംകോടതി പറഞ്ഞു.
വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലേക്ക് നീങ്ങേണ്ടെന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. 62 അംഗ നിയമസഭയില്‍ 33 എംഎല്‍എമാരുടെ പിന്തുണ വിശ്വാസ പ്രമേയത്തിനു ലഭിച്ചു. ബിജെപിക്ക് 28 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. സ്പീക്കര്‍ ഗോവിന്ദ്‌സിംഗ് കുഞ്ജ്‌വാള്‍ വോട്ട്‌ചെയ്തിരുന്നില്ല. കൂറുമാറിയ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കിയതിനാല്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ല. നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ 71 എംഎല്‍എമാരാണ് നിയമസഭയിലുണ്ടായിരുന്നത്. മാര്‍ച്ച് 27നാണ് ഉത്തരാഖണ്ഡില്‍ കേന്ദ്രം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.
രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇതില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പാഠം പഠിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
