തൃശൂര്‍: അരയ്ക്ക് താഴെ തളര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാന്പിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ഷിബു ജോര്‍ജ്ജിനെ പാര്‍ട്ടി അവഗണിച്ചെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ പരാതി. സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഷിബുവിന്റെ വീട്ടിലെത്തിയ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

ഏഴ് വര്‍ഷം മുമ്പ് അടൂരിൽ വച്ച് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിനിടെയാണ് ഷിബു ജോര്‍ജ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് വീഴുകയായിരുന്നു. മാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്. എന്നാൽ അരക്ക് കീഴെ ശരീരം തളര്‍ന്നു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ ഷിബു ശ്രദ്ധേയനായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച തന്നെ നേതൃത്വം മറന്നെന്നാണ് ഷിബുവിന‍റെ പരാതി.

പല പരിപാടികളുടെ പേരിലും ലക്ഷങ്ങൾ പൊടിക്കുമ്പോഴും പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയാവരെ തിരിഞ്ഞ് നോക്കാൻ നേതൃത്വത്തിന് താൽപര്യമില്ലെന്ന് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആരോപിക്കുന്നു. തൃശൂര്‍ ചേര്‍പ്പിലുള്ള ഷിബുവിന്റെ വീട്ടിലൊത്തുകൂടിയ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.