ദില്ലി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗിനെ കുറിച്ചുള്ള സിനിമ പുറത്തിറങ്ങാനിരിക്കെ എതിര്‍പ്പുമായി മഹാരാഷ്ട്രയില്‍ നിന്ന് കോണ്‍്രസ് പ്രവര്‍ത്തകര്‍. സിനിമയില്‍ കാണിക്കുന്ന പാര്‍ട്ടിയുടെ ആഭ്യന്തര രാഷ്ട്രീയകാര്യങ്ങള്‍ യഥാര്‍ത്ഥം തന്നെയാണോയെന്ന് പരിശോധിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. 

ജനുവരിയിലാണ് 'ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന സിനിമയുടെ റിലീസ്. റിലീസിന് മുമ്പ് ഒരു പ്രത്യേക സ്‌ക്രീനിംഗ് നടത്തണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം സൂചിപ്പിച്ച് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യജീത്ത് താംബേ പാട്ടീല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് കത്ത് നല്‍കി. 

മന്‍മോഹന്‍ സിംഗിനെയും സോണിയ ഗാന്ധിയെയും പോലുള്ള പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ സിനിമയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സിനിമയിലുള്ളതായി സൂചനയുണ്ടെന്നും സത്യജീത്ത് ആരോപിക്കുന്നു. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് എഡിറ്റ് ചെയ്ത് നീക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും സത്യജീത്ത് ആവശ്യപ്പെട്ടു. 

അതേസമയം പുസ്തകം ഇറങ്ങിയപ്പോള്‍ പ്രതിഷേധിക്കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്ന് ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി വേഷമിട്ട അനുപം ഖേര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ കുറിച്ച് വന്ന സിനിമകളുടെ കൂട്ടത്തില്‍ ഇത് വേറിട്ടുനില്‍ക്കുമെന്ന് അനുപം ഖേറിന്റെ ഭാര്യയും ബിജെപി എംഎല്‍എയുമായ കിരണ്‍ ഖേറും അഭിപ്രായപ്പെട്ടു. 

ഇതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്യപ്പെട്ടതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. 2019 പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങി നില്‍ക്കുമ്പോള്‍ സിനിമ തങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക.