കെ. മുരളീധരനെ പരസ്യമായി വിമർശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ കൈയ്യേറ്റവും ചീമുട്ടയേറും. ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഒരു വിഭാഗം കാറിന്റെ ചില്ല് തകർത്തു. കയ്യേറ്റത്തിന് പിന്നിൽ കെ.മുരളീധരനാണെന്ന് ഉണ്ണിത്താൻ ആരോപിച്ചപ്പോൾ അക്രമത്തെ മുരളി അപലപിച്ചു.

2004ൽ തിരുവനന്തപുരം പ്ലാനറ്റോറിയത്തിന് സമീപം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉണ്ണിത്താന്റെ മുണ്ടുരിഞ്ഞ സംഭവത്തെ ഓ‌ർമ്മിപ്പിക്കുന്ന സംഭവങ്ങളാണ് കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തുണ്ടായത്. കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാവിലെ പതിനൊന്നരയോടെയാണ് രാജ് മോഹൻ ഉണ്ണിത്താൻ ഡി.സി.സി ഓഫീസിലേക്കെത്തിയത്. പിന്നാലെ ഒരു സംഘം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഉണ്ണിത്താൻ സഞ്ചരിച്ച കാർ തടഞ്ഞു, ചീമുട്ടയെറിഞ്ഞു. സംഘർഷത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. ഡി.സി.സി ആസ്ഥാനത്തുണ്ടായിരുന്ന മറ്റൊരുവിഭാഗം പാർട്ടി പ്രവർത്തകരാണ് ഉണ്ണിത്താനെ രക്ഷിച്ച് ഓഫീസിനകത്തേക്ക് കൊണ്ടുപോയത്.

ഉണ്ണിത്താൻ വന്നാൽ പ്രതിഷേധമുണ്ടാകുമെന്ന് മുരളി അനുകൂലികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷ സാധ്യതയെ കുറിച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഉണ്ണിത്താൻ അത് കാര്യമാക്കാതെ എത്തുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ കെ. മുരളീധരനാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഉണ്ണിത്താൻ ആർക്കോ വേണ്ടി പ്രവർത്തിക്കുകയാണെന്ന് വിമർശിച്ച മുരളീധരൻ അക്രമസംഭവത്തെ അപലപിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.